മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും

GJBSNMGL
0
പ്രിയമുള്ളവരേ,
"മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും." നിത്യ ജീവിതത്തിൽ ഈ പഴഞ്ചൊല്ല് കേൾക്കാത്ത ആരുമുണ്ടെന്നു തോന്നുന്നില്ല.പൊതുവെ നമ്മുടെ നാട്ടിൽ അനുസരണക്കേട് കാണിക്കുന്ന കുട്ടികളോട് മുതിർന്നവർ പറയുന്ന ചൊല്ലാണിത്. വിളഞ്ഞ നെല്ലിക്ക കഴിക്കുമ്പോൾ ആദ്യം കയ്‌ക്കുകയും,പിന്നീട് മധുരിയ്ക്കുകയും ചെയ്യും.അതുപോലെ മുതിർന്നവർ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കുട്ടികളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അപ്പൂപ്പന്, അല്ലെങ്കിൽ അമ്മൂമ്മയ്ക്ക് ഒന്നും അറിയില്ല എന്ന് പരസ്യമായി പറയുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. തീർച്ചയായും ഇങ്ങനെ പറയുമ്പോൾ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാതെ അവർക്ക് കാര്യകാരണ സഹിതം ശരി ബോധ്യപ്പെടുത്തി കൊടുക്കുകയാണ് വേണ്ടത്.
കുഞ്ഞു വായിൽ വലിയ വർത്തമാനം പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അങ്ങനെചെയ്താൽ സ്ഥലകാല ബോധമില്ലാതെ കുട്ടികൾ പ്രതികരിക്കുന്ന സാഹചര്യം വരും."ചൊട്ടയിലെ ശീലം ചുടലവരെ "എന്നചൊല്ല് കേൾക്കാത്ത മലയാളിയില്ലല്ലോ . ഒരുകുഞ്ഞ് ജനിക്കുന്നത് മുതൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രാപ്തിയിൽ എത്തുന്നതുവരെ അവരുടെ ചിന്താമണ്ഡലങ്ങളെ സ്വാധീനിക്കുന്നത് വീട്ടിൽനിന്നും, വിദ്യാലയത്തിൽ നിന്നും അവർക്ക് ലഭിക്കുന്ന അനുഭവങ്ങളാണ് .
അതുകൊണ്ട് രക്ഷിതാക്കൾ എപ്പോഴും മികച്ച മാതൃകകൾ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.പല രക്ഷിതാക്കളും കുഞ്ഞുങ്ങൾ അനാവശ്യ വാക്കുകൾ പറയുമ്പോൾ ശരിരൂപം ബോധ്യപ്പെടുത്താതെ, കൊച്ചു കുട്ടിയല്ലേ എന്ന മട്ടിൽ അവർ പറയുന്ന വാക്കുകൾ കേട്ട് ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നതാണ് കണ്ടിട്ടുള്ളത് .
ഏതുപ്രായത്തിലുള്ള കുട്ടികളാണെങ്കിലും മുതിർന്നവർ പറയുമ്പോൾ ആദ്യം അനിഷ്ടം കാണിക്കുമെങ്കിലും, പിന്നീട് നല്ലതായി തീരുന്ന കാര്യങ്ങളാണ് അവർ പറയുന്നത് എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കേണ്ടത് അത്യന്താപേക്ഷിതമാണ് . അതിന് അവരുടെ പക്ഷത്ത് നിന്നാണ് സംസാരിക്കുന്നത് എന്ന് ഉറപ്പാക്കണം.
ഭാവി തലമുറയെ വാർത്തെടുക്കുന്നതിന് ഏറ്റവും പ്രധാനം മുതിർന്നവരെ ബഹുമാനിക്കാനും, അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാനും, അനുസരിക്കാനും കുട്ടികളെ ശീലിപ്പിക്കുക എന്നതാണ് . അത് ഓരോ അധ്യാപകന്റെയും, രക്ഷിതാവിന്റെയും കടമയാണ്. മുതിർന്നവർ അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നു പറയുന്ന കാര്യങ്ങൾ അനുഭവങ്ങളിലൂടെ സ്വാംശീകരിക്കാനും , പ്രാവർത്തികമാക്കാനും കുട്ടികളെ പ്രേരിപ്പിക്കാൻ ശ്രമിക്കണം എന്ന് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. എല്ലാകൂട്ടുകാർക്കും ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)