
*
നമ്മുടെ തമാശകൾ ഒരിക്കലും മറ്റുള്ളവരുടെ മനസ്സ് വേദനിക്കുന്ന തരത്തിലാകരുത്.., നിയന്ത്രണമില്ലാതെ ഇളകുന്ന നാവാണ് പല അപകടങ്ങൾക്കും കാരണം...
മറ്റുള്ളവരെ പരിഹസിക്കുകയെന്നത് ഒരു നിത്യ തൊഴിലെന്ന വണ്ണം കൊണ്ട് നടക്കുന്നവർ നമുക്കിടയിലുണ്ട്.., വെറുതെ ഒരു നേരം പോക്കിന്നും, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിനും, അതിലൂടെ വലിയ തമാശക്കാരനായി ചമയാനുമായിരിക്കും ഇക്കൂട്ടർ ശ്രമിക്കുന്നത്...
ബുദ്ധിശാലിയുടെ നാവ് അയാളുടെ ഹൃദയത്തിന്റെ പിറകിലായിരിക്കും.., സംസാരിക്കാൻ ഉദ്ദേശിക്കുമ്പോള്‍ അയാള്‍ ഹൃദയത്തോട് സമ്മതം ചോദിക്കും, അതനുവദിച്ചാല്‍ മാത്രം സംസാരിക്കും, ഇല്ലെങ്കില്‍ മിണ്ടാതിരിക്കും...
മറ്റുള്ളവരുടെ പോരായ്‌മകൾ കണ്ടെത്താനുള്ള കഴിവ് എല്ലാവരിലുമുണ്ട്.., എന്നാൽ സ്വയം മനസ്സിലാക്കുക എന്നതാണ് ജീവിതത്തിലെ ബുദ്ധിമുട്ടുള്ള കാര്യം. അങ്ങിനെ മനസ്സിലാക്കിയവർ മറ്റുള്ളവരുടെ പോരായ്‌മകൾ കണ്ടെത്താനും, പരിഹസിക്കാനും മിനക്കെടാറില്ല...
*
അധികാരത്തിലൂടെയും ബലപ്രയോഗത്തിലൂടെയും ഒരാളെ കീഴ്‌പ്പെടുത്താൻ എളുപ്പമാണ്.., പക്ഷേ, ശരീരം കീഴടക്കി ഒന്നും നേടാനാകില്ല, മനസ്സു കീഴടക്കണം...
നശിപ്പിക്കാനും ഇല്ലാതാക്കാനും ഒരു നിമിഷത്തെ വികാരവിക്ഷോഭം മതി.., പുനർനിർമിക്കാനും പൂർവസ്ഥിതിയിലാക്കാനും വർഷങ്ങളുടെ ആലോചന മതിയാകില്ല...
പലതും വേരോടെ പിഴുതുകളയുമ്പോൾ സ്വയം ചോദിക്കണം, എന്തിനെങ്കിലും വേരുപിടിപ്പിക്കാൻ എനിക്കാകുമോ..? ഒന്നും സൃഷ്‌ടിക്കാനാകില്ലെങ്കിൽ സംഹരിക്കാൻ എന്തവകാശം...
കീറിമുറിച്ചവ തുന്നിച്ചേർത്താലും ചില പാടുകൾ അവശേഷിക്കും.., ഒന്നായിരുന്നതിന്റെ സൗന്ദര്യം ഒട്ടിച്ചുചേർക്കുമ്പോൾ ഉണ്ടാകില്ല...
*
ആഗ്രഹങ്ങളുടെ പൂർത്തീകരണം മാത്രമല്ല, അനാവശ്യങ്ങളോടുള്ള വിടപറയൽ കൂടിയാണ് ജീവിതം.., ആഗ്രങ്ങൾ അതിർവരമ്പുകൾ ഭേദിക്കുമ്പോൾ അത് ആർത്തിയായി മാറിടും...
ലളിതമായി ജീവിക്കുക എന്നതു ചെറിയ കാര്യമല്ല.., ആവശ്യമില്ലാത്തവയെ അറിയാൻ കഴിയുന്നവന്ന് ആർഭാടങ്ങളിൽ കണ്ണു മഞ്ഞളിക്കില്ല...
ആവശ്യങ്ങൾ ഒന്നാണെങ്കിലും ആഗ്രഹങ്ങൾ പലർക്കും പലതാണ്.., സഞ്ചരിക്കാനുള്ള വാഹനം ഒരാവശ്യമായിരിക്കാം, ആഡംബരവാഹനം എന്നത് ഒരാഗ്രഹവും...
അലമാരകളിൽ ഒന്നു സൂക്ഷ്‌മമായി നോക്കിയാൽ ആവശ്യമില്ലാത്തവയുടെ ആധിക്യം കാണാം.., വേണ്ട കാര്യങ്ങളെ ആവശ്യത്തിനു മാത്രം ഉപയോഗിക്കുമ്പോഴാണ് എല്ലാവർക്കും എല്ലാം ലഭ്യമാകുന്നത്...
*
അത്യാവശ്യമല്ലാത്ത പലതിലും പെട്ട്, അനിവാര്യമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനാവാതെ നമ്മുടെ രാപ്പകലുകളിതാ തീര്‍ന്നുകൊണ്ടിരിക്കുന്നു.., ഓരോ ദിവസത്തെയും വിലയിരുത്തുമ്പോള്‍ കാര്യമായതൊന്നും കാണാനാവാതെ ഓരോ രാത്രിയും കിടന്നുറങ്ങുന്നു...
പുതിയൊരു പ്രഭാതംകൂടി ലഭിക്കുമ്പോഴും കാര്യങ്ങള്‍ പഴയതുപോലെ തന്നെ പിന്നെയും തുടരുന്നു.., കര്‍മ പുസ്‌തകത്തില്‍ കനമുള്ളതൊന്നും ബാക്കിയാക്കാതെ കടന്നുപോകുന്നതിനിടയില്‍ വളരെപ്പെട്ടെന്നതാ ജീവിത ഘടികാരം നിലച്ചുപോകുന്നു...
കഴിഞ്ഞുപോയ നിമിഷങ്ങളെയോര്‍ത്ത് കരയേണ്ട.., ആ നിമിഷങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ പെറുക്കിയെടുത്ത് ബാക്കിയെല്ലാം മറക്കുക.., വരാനിരിക്കുന്ന നിമിഷങ്ങള്‍ നമുക്കുള്ളതാണോ എന്ന് യാതൊരുറപ്പുമില്ല.., മരണത്തെക്കുറിച്ച് ഒരേകദേശധാരണ പോലും നമ്മുടെ കൈവശമില്ല...
*
ഒന്നാലോചിച്ച് നോക്കൂ...ദിവസവും ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പുതിയ പുതിയ പ്രതീക്ഷയുമായി ഈ ലോകത്ത് ജനിക്കുന്നു. ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിലേക്ക് നിരവധി ഉത്തരവാദിത്തങ്ങളുമായാണ് ഇവർ കടന്ന് വരുന്നത്.
പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് ഇറങ്ങി നടക്കാനും തനിക്ക് കഴിയാവുന്നത് ചെയ്യാനും കാലം ക്ഷണിക്കുകയാണ് ഓരോ ജീവനുകളേയും. സ്നേഹത്തിൽ പിറന്ന് സ്നേഹത്തിൽ വളർന്നു സ്നേഹിച്ചു സ്നേഹിച്ച് ജന്മം കൊണ്ട ജീവിതം സന്തോഷകരമാക്കാൻ അവർക്കെല്ലാം സാധിക്കട്ടെ...
*
എന്നെങ്കിലും വരാൻ സാധ്യതയുള്ള വിപത്തുകൾക്കു വേണ്ടി കാത്തിരിക്കുന്നവരാണു പലരും.., അപകടങ്ങളിലും ആപത്തിലും വിഷമമോ വിദ്വേഷമോ പുലർത്തുന്നതിൽ അർത്ഥമില്ല, അവയെ സധൈര്യം നേരിടുകയാണ് വേണ്ടത്...
ഓരോ പ്രായത്തിലും വരേണ്ട ആരോഗ്യപ്രശ്‌നങ്ങൾ കൃത്യമായി വരുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തിയാലും, എല്ലാം സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആർക്കും കഴിയില്ല.., ചില സംഭവങ്ങളെയും അവ പകരുന്ന വികാരങ്ങളെയും പ്രതിരോധിക്കാനും കഴിയില്ല...
സമ്മർദങ്ങളും പ്രതിസന്ധികളും എല്ലാ ജീവിതത്തിലുമുണ്ടാകും.., വൈകിട്ടു സൂര്യോദയം കാണാൻ വാശിപിടിച്ച് അസ്തമയ സൂര്യന്റെ മാസ്‌മരികത കണ്ണിനു നിഷേധിക്കരുത്.. സമീപനങ്ങൾ മാറ്റിയാൽത്തന്നെ ജീവിതത്തിൽ സുവർണ നിമിഷങ്ങൾ താനേ പ്രത്യക്ഷപ്പെടും...
*
ഉള്ളിലുള്ള സ്വപ്‌നങ്ങളും പുറമേയുള്ള പ്രതിബന്ധങ്ങളും തമ്മിലുള്ള പോരാട്ടമാണ് നേട്ടങ്ങളിലേക്കുള്ള യാത്ര.., മനസ്സില്ലാത്തതിനെ പിന്തുണയ്‌ക്കാൻ ശരീരത്തിനാകില്ല...
പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചവരെല്ലാം പിൻവാങ്ങിയത് മുന്നിലെ തടസ്സങ്ങൾ വലുതായതുകൊണ്ടല്ല.., ഉള്ളിലെ ആഗ്രഹം ചെറുതായതുകൊണ്ടാണ്...
സ്വപ്‌നവും പ്രതീക്ഷയും ഇല്ലാത്തവർ ഒന്നിനും ഒരുമ്പെടില്ല.., എവിടെ എത്തണമെന്ന് അറിയാത്തവർ എങ്ങോട്ട് ഇറങ്ങിത്തിരിക്കാനാണ്...
എത്തിച്ചേരാൻ ഒരു കാരണമുള്ളവർ അതിനു മാർഗം കണ്ടെത്തും.., അല്ലാത്തവർ രക്ഷപ്പെടാനുള്ള കാരണമാണ് കണ്ടെത്തുക...
*
ബന്ധങ്ങൾ പലവിധത്തിലും നമുക്ക് സഹായകമാകാറുണ്ട്. ചില ബന്ധങ്ങൾ നമ്മുടെ സന്തോഷ സമയങ്ങളിൽ എല്ലാത്തിനും കൂടെയുണ്ടാവും.എന്നാൽ ചില ബന്ധങ്ങൾ നമ്മുടെ പ്രതിസന്ധി ഘട്ടങ്ങളിലാണ് കൂടെയുണ്ടാവുക.
നല്ല സമയത്ത് കൂടെയുണ്ടാവുന്നവർ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിൽക്കണമെന്നില്ല. സത്യത്തിൽ ഒരാളുടെ നല്ല സമയത്ത് കൈപിടിച്ചുകുലുക്കുന്നതിലല്ല. മോശം സമയത്ത് അയാളുടെ കൈകൾ ചേർത്തു പിടിക്കുന്ന ബന്ധങ്ങൾക്കാണ് തിളക്കം കൂടുതലുള്ളത്. *
നാം ഉരുവിടുന്ന മൂർച്ചയേറിയ വാക്കുകൾ പലപ്പോഴും ചുമരിൽ ആണി അടിച്ചത് പോലെയാണ്. അടിച്ച ആണി തിരികെ ഊരിയെടുക്കാൻ കഴിഞ്ഞേക്കാം... പക്ഷെ, അത് സൃഷ്ടിച്ച പാടുകൾ തുടർന്നും അവിടെ അവശേഷിക്കുന്നു".
സൗഹൃദങ്ങളിലും ബന്ധങ്ങളിലും നിങ്ങളുടെ വാക്കുകളാലും പ്രവൃത്തികളാലും മൂർച്ചയേറിയ ആണികൾ തറയ്ക്കാതിരിക്കുക. കാരണം, ക്ഷമ ചോദിച്ചാലും ആ വാക്കുകൾ സൃഷ്ടിക്കുന്ന മുറിവുകൾ നിങ്ങൾക്ക് ഉണക്കാൻ കഴിഞ്ഞെന്നു വരില്ല! *
ക്ഷമിക്കുന്നതിനെക്കാൾ വലുതാണ് ക്ഷമ ചോദിക്കാനുള്ള മനസ്സ്.., ഏറ്റുപറച്ചിലുകൾ സമ്മാനിക്കുന്ന സ്വാതന്ത്ര്യം തടവറയിൽ നിന്നുള്ള മോചനത്തെക്കാൾ വലുതാണ്...
തെറ്റിന്റെ പരിണതഫലത്തെക്കാൾ തിരുത്തലിന്റെ അനന്തരഫലമാണ് തെറ്റു ചെയ്യുന്നവർ മുന്നിൽ കാണേണ്ടത്.., തിരുത്താൻ ശ്രമിക്കുന്ന തെറ്റുകളെ എതിരാളികൾ പോലും സ്വാഗതം ചെയ്യും...
അകപ്പെട്ടുപോകുന്ന തെറ്റുകൾക്ക് മുകളിൽ അപരിചിതത്വത്തിന്റെയും അറിവില്ലായ്മയുടെയും മേൽക്കൂരയുണ്ടാകും.., തെറ്റിന്റെ കുറ്റബോധവും മറച്ചുവയ്ക്കലിന്റെ സമ്മർദവും കൂടിച്ചേർന്ന് സമാധാനവും സമനിലയും നഷ്ടപ്പെടുന്നതിനെക്കാൾ എത്രയോ ഭേദമാണ് സത്യം തുറന്നുപറഞ്ഞു സ്വതന്ത്രമാകുന്നത്...
പറ്റിയ തെറ്റുകൾ മറ്റൊരാൾക്കു വിലപേശാൻ അടിയറവയ്ക്കുന്നതിലും ഭേദം, മറ്റുള്ളവർ അറിഞ്ഞാണെങ്കിലും സ്വയം തിരുത്തുന്നതാണ്...
*
അകാരണവും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന പ്രകോപനങ്ങൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ മനഃസാന്നിധ്യത്തോടെ പെരുമാറാനുള്ള കഴിവാണ് സ്വഭാവ സമഗ്രത...
ഒരാളുടെ അനുവാദം കൂടാതെ ആർക്കും അയാളെ നിന്ദിക്കാനാകില്ല.., നിന്ദനത്തിനു കീഴ്‌പ്പെടുന്നതും പ്രതികരിക്കുന്നതും ആത്മനിയന്ത്രണം ഇല്ലാത്തവരാണ്...
ഒരാളെ എത്ര എളുപ്പത്തിൽ പ്രകോപിതനാക്കാം എന്നതാകും അയാളുടെ മാനസിക പക്വതയും ചിന്താനിലവാരവും അളക്കാനുള്ള എളുപ്പമാർഗം.., സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാൺ മറ്റുള്ളവരുടെ വിരൽത്തുമ്പിലേക്ക് എറിഞ്ഞുകൊടുക്കരുത്...
സ്വയം ചെളിയിൽ പുതയാതെ അന്യന്റെ ദേഹത്ത് ചെളിവാരിയെറിയാനാവില്ല.., അപരനെ അവഹേളിക്കുന്നവരെല്ലാം സ്വയം താഴ്‌ത്തിക്കെട്ടുകയാണ് ചെയ്യുന്നത്...
*
മറ്റുള്ളവരുടെ തെറ്റ് കണ്ടെത്താനും അതിനെ കുറ്റപ്പെടുത്താനും പരിഹസിക്കാനും എളുപ്പമാണ്. മറ്റുള്ളവർ തെറ്റായ വഴിയിലാണെന്നു പറഞ്ഞ് അവരെ ഉപദേശിക്കാനും എളുപ്പമാണ്.
എന്നാൽ നമ്മളും ആ വഴിയിലാണോ എന്നു മനസ്സിലാക്കാനും അത് അംഗീകരിക്കാനും ഉൾക്കൊള്ളുവാനും മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കാനുമാണ് വളരെ പ്രയാസം. *
കാര്യങ്ങൾ സാധിച്ചെടുക്കാൻ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നവരുണ്ട്. ആവശ്യം കഴിഞ്ഞാൽ അത് ഒഴിവാക്കപ്പെടുകയും ചെയ്യും. യഥാർത്ഥത്തിൽ ബന്ധങ്ങൾ ഹൃദയത്തിൽ നിന്നും ഉണ്ടാകണം. അല്ലാതെ വെറും വാക്കുകളിൽ മാത്രം ആകരുത്.
എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങി പിന്നീട് ഇണങ്ങാതെ പോവുന്നവരുമുണ്ട്. പിണക്കങ്ങൾ വാക്കുകളിൽ ഉണ്ടായാലും ഒരിക്കലും ഹൃദയത്തിലുണ്ടാകരുത്. *
ജീവിതത്തിൽ ഒരവസ്ഥയും സ്ഥായിയല്ലെന്ന് തിരിച്ചറിവുള്ളവർക്കേ മോശമായ സാഹചര്യങ്ങളിൽ നിൽക്കുമ്പോഴും ഊർജസ്വലമായി പ്രവർത്തിക്കാൻ സാധിക്കൂ...
നാളെകളിൽ മെച്ചപ്പെട്ട ഫലങ്ങളാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ ഇന്നത്തെ നമ്മുടെ അവസ്ഥ എന്തായാലും നാം ഉണർന്നെണീറ്റ് പ്രവർത്തിക്കേണ്ടിയിരിക്കുന്നു...
സാഹചര്യങ്ങൾ എത്ര മോശമാണെങ്കിലും പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തുമെന്ന് മനസ്സിനെ വിശ്വസിപ്പിക്കുക...
*
വിജയപരാജയങ്ങള്‍ മാറിമാറിവരുന്ന ഒരു പോര്‍ക്കളമാണ് ജീവിതം.., ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്...
തോല്‍വികളെത്ര അഭിമുഖീകരിക്കേണ്ടിവന്നാലും, ജയിച്ചേ ഞാന്‍ അടങ്ങൂ എന്ന വീറോടെ പരമാവധി ആത്മവിശ്വാസം സംഭരിച്ച് സധീരം മുന്നേറണം.., എങ്കില്‍ അതിശയകരമായ വിജയങ്ങളിലേക്ക് കാലം നമ്മെ കൊണ്ടെത്തിക്കും...
പരാജയങ്ങളേറ്റുവാങ്ങാന്‍ മാത്രം ജീവിതം ബാക്കിവെച്ച് സ്വന്തത്തെ എഴുതിത്തള്ളുന്ന പ്രകൃതം ആത്മഹത്യാപരമാണ്.., കാര്യങ്ങളെ പോസിറ്റീവായി സമീപിക്കാനും വൈതരണികളെ വൈദഗ്ധ്യപൂര്‍വം അതിജീവിക്കാനും മനസ്സിനെ പാകപ്പെടുത്തണം...
*
നമ്മൾ അറിയാതെ നമ്മുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളുണ്ട്, ഇത്തരം ഭാവങ്ങൾ വിശകലനം ചെയ്യാൻ വൈദഗ്ദ്യം ഉള്ളവർക്ക് നമ്മുടെ സ്വഭാവം നാം പറയാതെ തന്നെ മനസിലാക്കാൻ സാധിക്കും.
നാം നമ്മുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ വാക്കുകളേക്കാൾ ഏറെ ഇത്തരം കാര്യങ്ങളെയാണ് ആശ്രയിക്കുന്നത്. എപ്പോൾ നാം ഒരാളെ അയാളുടെ വാക്കുകൾക്ക് അതീതമായി മനസ്സിലാക്കാൻ തുടങ്ങുന്നുവോ, അവിടെ ഒരു യഥാർത്ഥ ബന്ധം ആരംഭിക്കുന്നു. *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT *
EDITEDITEDIT