ആനന്ദതീർത്ഥന്റെ ജന്മദിനം

GJBSNMGL
0
കേരളത്തിലെ നവോത്ഥാനപ്രസ്ഥാനം സൃഷ്ടിച്ച മഹാപ്രതിഭകളിൽ അനന്യവ്യക്തിത്വമാണ് സ്വാമി ആനന്ദതീർത്ഥൻ. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി ജീവിതം തുടങ്ങിയ അദ്ദേഹം അയിത്തത്തിനും അനാചാരങ്ങൾക്കും ജീർണ്ണിച്ച അധികാരവ്യവസ്ഥയ്ക്കും എതിരെയുള്ള പ്രക്ഷോഭങ്ങളുടെ നായകനായി. ഹരിജനങ്ങളെ സംഘടിപ്പിച്ച് അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിലൂടെ നൂറ്റാണ്ടുകൾ നീണ്ട വർണ്ണവ്യവസ്ഥയെ കടപുഴക്കുകയായിരുന്നു അദ്ദേഹം. എണ്ണമറ്റ മർദ്ദനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയ ആനന്ദതീർത്ഥൻ കീഴാളവീര്യത്തിന്റെ ആവേശോജ്ജ്വലമായ പ്രതീകമാണ്.
സാമൂഹ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ച സന്യാസി കൂടിയായിരുന്നു അദ്ദേഹം.
ജാതിവിവേചനത്തിനെതിരെ മരണം വരെ പോരാടിയ ആത്മീയാചാര്യനും ശ്രീനാരായണഗുരുവിന്റെ ശിഷ്യനും ആർക്കും സന്യാസദീക്ഷ നല്കാതെ സാമൂഹികപരിഷ്കരണത്തിനു ഊന്നൽ നല്കി പ്രവർത്തിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം . ഉത്തരകേരളത്തിലെ പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദളിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം അവർക്ക് വിദ്യാഭ്യാസം നൽകലാണെന്ന തിരിച്ചറിവിൽ നിന്ന് അദ്ദേഹം ശ്രീനാരായണ വിദ്യാലയം ആരംഭിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു ഈ വിദ്യാലയം. 1931 ജനുവരി 21നാണ് വിദ്യാലയം ഉദ്ഘാടനം ചെയ്തത്. സാധാരണ സ്കൂളുകളിൽ താഴ്ന്ന ജാതിക്കാരായ കുട്ടികൾക്ക് പ്രവേശാനുമതി നിഷേധിച്ചതുകാരണം അവർക്ക് പഠിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സ്വാമി ആനന്ദതീർത്ഥൻ ഈ വിദ്യാലയം ആരംഭിച്ചത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുക, ഭക്ഷണം - വസ്ത്രം - പാർപ്പിടം എന്നിവ നൽകുക, അവരിൽ ശുചിത്വബോധവും, സ്വാശ്രയത്വവും വളർത്തുക എന്നിവയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

Post a Comment

0Comments
Post a Comment (0)