മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ ജന്മദിനം

GJBSNMGL
0
ദാമ്പത്യജീവിതത്തിന്റെ തടവറയില്‍ നിന്ന് പുറത്ത് വന്ന് കവിതയെയും ജീവിതത്തെയും ഒരുപോലെ മുറുകെപ്പിടിച്ച എഴുത്തുകാരി മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ ജന്മദിനമാണിന്ന്.മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്നേഹവും ആരാധനയും നിറഞ്ഞതാണ് മേരിയുടെ കവിതകള്‍. ധാര്‍മ്മികബോധവും സ്വാനുഭവങ്ങളുടെ ഭാവതീവ്രതയും വികാരസാന്ദ്രമാക്കിയ മേരിജോണ്‍ കവിതകള്‍ ഒരു കാലത്ത് നമ്മുടെ സ്‌ക്കൂള്‍ പാഠപുസ്തകങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.
കൂത്താട്ടുകുളത്ത് വടകര യോഹന്നാന്‍ മാംദാന ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പയില്‍ വീട്ടില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെയും (1870- 1951) പുത്തന്‍ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22 നു ജനിച്ചു. മേരിജോണിന്റെ ഇളയ സഹോദരനാണു് സി.ജെ.തോമസ്.
വായനയും എഴുത്തും ദിനചര്യപോലെ തുടര്‍ന്നു പോന്ന അവർ അധ്യാപകജോലിയുപേക്ഷിച്ച് തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. അധ്യാപകജോലിയെ അപേക്ഷിച്ച് അക്കാലത്ത് അഞ്ചല്‍ ഡിപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഉയര്‍ന്നശമ്പളവും, സ്‌ക്കൂളില്‍ പഠിപ്പിക്കുന്നതിനുള്ള അനാരോഗ്യവുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്.പ്രഭാതപുഷ്പം, ബാഷ്പമണികള്‍, അന്തിനക്ഷത്രം, പൂജാപുഷ്പം, അമ്മയും മകളും, കാറ്റ് പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാര്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതിന് പുറമെ വിവിധ ആനുകാലികങ്ങളിലും, വാര്‍ഷികപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ട്. 1996 ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. 1998 ഡിസംബര്‍ 2 ന് കവിതയ്ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ് വച്ച മേരിജോണ്‍ കൂത്താട്ടുകുളം അന്തരിച്ചു.

Post a Comment

0Comments
Post a Comment (0)