ദേശീയ വിനോദസഞ്ചാര ദിനം

GJBSNMGL
0
വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. ആചാരങ്ങളിലും വിശ്വാസങ്ങളിലും മാത്രമല്ല, ഭൂപ്രകൃതിയിലും കാഴ്ചകളിലും ഇന്ത്യ അത്ഭുതമാണ്. രാജ്യത്തിന്റെ വ്യത്യസ്തതകളെക്കുറിച്ചും വൈവിധ്യങ്ങളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുകയെന്നതാണ് ഓരോ ദേശീയ വിനോദ സഞ്ചാര ദിനത്തിന്റെയും ലക്ഷ്യം.
ടൂറിസം എന്ന അനന്ത സാധ്യതയെ കുറിച്ചും അതുവഴി രാജ്യത്തിന് സാമ്പത്തികമായി ലഭിക്കുന്ന പിന്‍ബലത്തെക്കുറിച്ചുമെല്ലാം ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യവും ഈ ദിനത്തിനുണ്ട്. എല്ലാ വര്‍ഷവും ജനുവരി 25നാണ് ദേശീയ വിനോദ സഞ്ചാര ദിനം ആഘോഷിക്കുന്നത്. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവര്‍ക്ക് ഈ ദിനം വളരെ പ്രിയപ്പെട്ടതാണ്.
കൊളംബസ്, മാര്‍ക്കോപോളോ തുടങ്ങി യാത്രകള്‍ കൊണ്ട് ചരിത്രം സൃഷ്ടിച്ചവര്‍ തന്നെ നമുക്ക് മുന്നില്‍ മാതൃകയായുണ്ട്. എന്നാല്‍, കാലം മാറിയപ്പോള്‍ വിനോദ സഞ്ചാരവും ഉല്ലാസ യാത്രയും എന്ന രണ്ട് വിഭാഗങ്ങള്‍ ഉണ്ടായി. ഇന്ന് വിനോദ സഞ്ചാരം നടത്തുന്നവരുടെ മേഖലകള്‍ പലതാണ്. ഒരു ദിവസത്തില്‍ ഒതുങ്ങുന്ന യാത്രയെ ഉല്ലാസ യാത്ര എന്ന് പറയുമ്പോള്‍ ഇതില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ നടത്തുന്നവരെ വിനോദ യാത്രികര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
രാജ്യത്തേയ്ക്ക് വിദേശനാണ്യം വലിയ തോതില്‍ എത്തിക്കുന്നതില്‍ വിനോദ സഞ്ചാര മേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ മേഖലയെ ആശ്രയിച്ച് മറ്റ് നിരവധി മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുണ്ട്. ഹോട്ടല്‍, ഗതാഗതം, തദ്ദേശീയമായ ഉത്പ്പന്നങ്ങളുടെ വിപണനം എന്നിവയെല്ലാം വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അപ്പുറം അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും വിനോദ സഞ്ചാര മേഖല സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്.
ദേശീയ വിനോദ സഞ്ചാര ദിനത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനും സാധ്യതകള്‍ ഏറെയാണ്. 1986ലാണ് ടൂറിസത്തെ സംസ്ഥാനത്ത് ഒരു വ്യവസായമായി അംഗീകരിച്ചത്. കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികളില്‍ ഏറിയ പങ്കും ബ്രിട്ടനില്‍ നിന്നാണ്. കോവളം ബീച്ച്, ആലപ്പുഴ കായലുകള്‍, ഫോര്‍ട്ട് കൊച്ചി, കുമരകം തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത് കൊല്ലം ജില്ലയിലെ തെന്മലയിലാണ്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ ആഭ്യന്തര സഞ്ചാരികളും കേരളത്തില്‍ എത്തുന്നുണ്ട്.

Post a Comment

0Comments
Post a Comment (0)