
അയാളുടെ അച്ഛന് നന്നേ വയസ്സായിരുന്നു. യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കാനായി അവര്‍ ഒരു ഹോട്ടലില്‍ കയറി. അച്ഛന്റെ കൈകള്‍ വിറയ്ക്കുന്നതുകൊണ്ട് ഭക്ഷണം ഇടക്കെല്ലാം വസ്ത്രത്തില്‍ വീഴുന്നുണ്ടായിരുന്നു. ചായ കുടിച്ചപ്പോള്‍ ചായയും വസ്ത്രത്തില്‍ വീണു. ഇതെല്ലാം വളരെ ശ്രദ്ധയോടെ അയാള്‍ വൃത്തിയാക്കികൊണ്ടിരുന്നു. വയസ്സായ ആളുടെ രീതികള്‍ മറ്റ് ആളുകള്‍ക്ക് അരോചകമായി തോന്നി. പക്ഷേ, അയാള്‍ ഇതൊന്നും ശ്രദ്ധിക്കാതെ അച്ഛനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അച്ഛനെയും കൂട്ടി മൂത്രപ്പുരയില്‍ പോയി തിരിച്ചുവരുന്നവഴി അഴിഞ്ഞുപോകാറായ മുണ്ട് വൃത്തിയായി മാടിക്കുത്തിക്കൊടുത്തു. പൈസയും കൊടുത്ത് അവര്‍ ഇറങ്ങുമ്പോള്‍ ഹോട്ടലുടമ പറഞ്ഞു: നിങ്ങള്‍ ഇവിടെ എന്തൊക്കെയൊ മറന്നുവെച്ചിട്ടുണ്ട്. അയാള്‍ തന്നെ തന്നെ ഒന്ന് പരിശോധിച്ചിട്ട് പറഞ്ഞു: ഇല്ലല്ലോ, ഞാന്‍ എല്ലാം എടുത്തിട്ടുണ്ട്. ഹോട്ടലുടമ പറഞ്ഞു: അല്ല, മറന്നുവെച്ചിട്ടുണ്ട്... എല്ലാ മക്കള്‍ക്കും ഒരു പാഠവും, എല്ലാ അച്ഛനമ്മമാര്‍ക്ക് ഒരു പ്രതീക്ഷയും അവശേഷിപ്പിച്ചാണ് നിങ്ങള്‍ പോകുന്നത്... അയാള്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അച്ഛനെ ചേര്‍ത്ത് പിടിച്ച് യാത്രയായി.. എല്ലാവരും ദൗര്‍ബല്യങ്ങളോടെ തന്നെയാണ് ജനിച്ചുവീഴുന്നത്. ബലഹീനതകളെ ബാക്കിയാക്കിയാണ് കടന്നുപോകുന്നതും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആരെങ്കിലുമൊക്കെ കൂടെയുണ്ടായിരുന്നു. തനിയെ വളര്‍ന്ന്, തനിയെ ഭക്ഷിച്ച് , തനിയെ രൂപാന്തരപ്പെട്ട ആരുമുണ്ടാകില്ല. ആരുടെയെങ്കിലുമൊക്കെ സാന്നിധ്യം അവരുടെ ജീവിതത്തിലുണ്ടാകും. അത് കാറ്റാകാം, കനലാകാം, കൈവിളക്കാകാം.. ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ടായിട്ടും, ചേര്‍ത്തുപിടിച്ച ചിലരെങ്കിലുമൊക്കെ നമ്മുടെ ജീവിതത്തിലുണ്ടാകും.. അവരാണ് നമ്മുടെ പ്രതീക്ഷയുടെ കൈത്താങ്ങ്.. അവരുടെ ഊര്‍ജ്ജം ചോര്‍ന്നുപോകാതെ എന്ത് വിലകൊടുത്തും നമുക്ക് സംരക്ഷിക്കാന്‍ ശ്രമിക്കാം - ശുഭദിനം.
കവിത കണ്ണന്‍