ശുഭദിനം - 13.02.24

GJBSNMGL
0
കൊട്ടാരത്തിലെ തോട്ടം നിറയെ ധാരാളം ഫലങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. കൊട്ടാരം തോട്ടക്കാരന്‍ എന്നും തോട്ടത്തില്‍ നിന്നും നന്നായി വിളഞ്ഞ ഫലങ്ങള്‍ നോക്കി രാജാവിന് നല്‍കും. അന്ന് തോട്ടത്തിലെത്തിയപ്പോള്‍ കരിക്കും, പേരക്കയും മുന്തിരിയും പാകമായി നില്‍ക്കുന്നുണ്ട്. തോട്ടക്കാരന്‍ അന്ന് മുന്തിരിയാണ് തിരഞ്ഞെടുത്തത്. നല്ല വിളഞ്ഞ മുന്തിരി രാജാവിന് നല്‍കാന്‍ വന്നപ്പോള്‍ രാജാവ് വളരെ ദേഷ്യത്തില്‍ ഉലാത്തുന്നതാണ് കണ്ടത്. മുന്തിരികുട്ട രാജാവിനരികില്‍ വെച്ച് അയാള്‍ മാറി നിന്നു. രാജാവ് ഇടയ്ക്ക് ഓരോ മുന്തിരി എടുത്ത് കഴിക്കും, അടുത്തതെടുത്ത് തോട്ടക്കാരനെ നോക്കി എറിയും. അശ്രദ്ധമായ ആലോചനയ്‌ക്കൊടുവില്‍ സംഭവിക്കുന്നതാണ് ഇതെന്ന് തോട്ടക്കാരന് മനസ്സിലായി. ഓരോ തവണ മുന്തിരി തലയില്‍ വന്നുവീഴുമ്പോഴും തോട്ടക്കാരന്‍ ദൈവത്തിന് നന്ദി പറയും. കുറച്ച് നേരം കഴിഞ്ഞ് തന്റെ പ്രവൃത്തിയില്‍ സ്വയം ശ്രദ്ധാലുവായ രാജാവ് തോട്ടക്കാരന്റെ നന്ദി പറച്ചില്‍ കേട്ട് ചോദിച്ചു: ഞാന്‍ നിന്റെ തലയിലേക്ക് മുന്തിരി എറിയുമ്പോള്‍ എന്തിനാണ് നീ ദൈവത്തിന് നന്ദി പറയുന്നത്? തോട്ടക്കാരന്‍ പറഞ്ഞു: ഇന്ന് തോട്ടത്തില്‍ കരിക്കും പേരക്കയും കൂടി വിളഞ്ഞുനിന്നിരുന്നു. മുന്തിരിക്ക് പകരം കരിക്കോ പേരക്കയോ ആണ് അങ്ങേക്ക് ഇന്ന് നല്‍കിയിരുന്നതെങ്കില്‍ എന്റെ അവസ്ഥ എന്തായിരുന്നു.. രാജാവ് പൊട്ടിച്ചിരിച്ചുപോയി... എല്ലാ പ്രവര്‍ത്തികള്‍ക്കും ഒരു പരിണതഫലമുണ്ട്. ഒരു കര്‍മ്മവും അതില്‍തന്നെ അവസാനിക്കുന്നില്ല. ആരുമറിയാതെ ചെയ്യുന്ന കാര്യമാണെങ്കില്‍ പോലും അത് ചെയ്യുന്നതിന് മുമ്പും ശേഷവും സൃഷ്ടിക്കപ്പെടുന്ന സമ്മര്‍ദ്ദമുണ്ട്. അത് തുടര്‍പ്രവൃത്തികളിലും പ്രകടമാകും. നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും നല്ല ഫലങ്ങളാണ് പുറപ്പെടുവിക്കുന്നത് എന്ന് ഉറപ്പുവരുത്തിയാല്‍ ചുറ്റുപാടുകള്‍ വളരെ ക്രിയാത്മകമായി മാറിയേനെ.. പക്ഷേ, എത്ര ശ്രമിച്ചാലും നല്ലത് മാത്രമേ സംഭവിക്കൂ എന്ന് നമുക്ക് ഉറപ്പാക്കാനാകില്ല. അവിചാരിതമായും നിയന്ത്രണാതീതമായും പലതും കടന്നുവരും. ശുഭാപ്തിവിശ്വാസിയാവുക എന്നതാണ് ഏക പോംവഴി. അത്തരം സാഹചര്യങ്ങളിലും പുതിയ സാധ്യതകള്‍ കണ്ടെത്തുക., സ്വയം പുനഃക്രമീകരിക്കുക - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)