സ്നേഹത്തിന്റെ പ്രാധാന്യം

GJBSNMGL
0
പ്രിയമുള്ളവരേ,
നിത്യജീവിതത്തിൽ സ്നേഹത്തിനു വളരെ അധികം പ്രാധാന്യമുണ്ട്.
"പ്രകടമാക്കാനാകാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗ ശൂന്യവും."പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ വാക്കുകളാണിത്. കുട്ടികളെ മാതാപിതാക്കൾ അകമഴിഞ്ഞ് സ്നേഹിക്കുക. സത്യസന്ധമായി എന്തും വീട്ടിൽ വന്നു പറയാനുള്ള ശീലം കുട്ടികളിൽ വളർത്തണം . കുട്ടികളോടൊപ്പം എല്ലാ തിരക്കും മാറ്റിവച്ച് എന്നും കുറച്ചു നേരം ചെലവഴിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. വൈകുന്നേരം കുട്ടികൾക്ക് സ്കൂളിലെ വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള അവസരം നൽകണം.
അമ്മയോളം നിഷ്കളങ്കമായ സ്നേഹം ആരിൽനിന്നും ലഭിക്കില്ല. പല രക്ഷിതാക്കളും ഉള്ളിൽ സ്നേഹമുണ്ടെങ്കിലും കുട്ടികളോട് അധികം സ്നേഹം പ്രകടിപ്പിക്കാറില്ല. അത് കുട്ടികളുടെ ഉപബോധ മനസ്സിൽ പല പ്രത്യാഘാതങ്ങളും ഭാവിയിൽ സൃഷ്ടിക്കും. കുടുംബാംഗങ്ങൾ കുട്ടികളുടെ മുന്നിൽ വച്ച് പരസ്പരസ്നേഹത്തോടെയും, ബഹുമാനത്തോടെയും മാത്രമേ പെരുമാറാവൂ . കുട്ടികൾ വീടുകളിൽ നിന്നാണ് സ്നേഹത്തിന്റെ ബാല പാഠങ്ങൾ പഠിക്കുന്നത്. അതുപോലെ തന്നെ കുട്ടികളോട് അമിത ലാളനയും പാടില്ല.തെറ്റു കണ്ടാൽ അതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞു മനസിലാക്കി ശരി ബോധ്യപ്പെടുത്തി കൊടുക്കണം. അമ്മയോടും, കുടുംബാംഗങ്ങളോടുമുള്ള സ്നേഹം, പഠനകാര്യങ്ങളോടും കുട്ടികൾക്ക് ഉണ്ടാകണം. കുട്ടികളായിരിക്കുമ്പോഴേ അറിവിനെ സ്നേഹിച്ചാൽ മാത്രമേ പുതിയ അറിവ് നേടാനുള്ള ഇച്ഛാശക്തി നിലനിർത്താൻ കഴിയൂ."അഗാധമായി സ്നേഹിക്കുന്നതെന്തും നമ്മുടെ ഒരുഭാഗമായി മാറും" എന്ന ഹെലൻ കെല്ലരുടെ വാക്കുകൾ സത്യമാണ്. പഠനമായാലും, വായനയായാലും, പാട്ട്, നൃത്തം, ചിത്രരചന ഏത് സർഗ്ഗാത്മക ശേഷിയായാലും അതിനോട് ഒരു ഇഷ്ടം കുഞ്ഞു നാളിലെ ഉണ്ടാക്കണം."സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണ് ",എന്ന ടാഗോറിന്റെ വചനം ഓർമ്മിപ്പിച്ചു കൊണ്ട് കുഞ്ഞു മക്കളെ സ്നേഹത്തോടെയും, നന്മയോടെയും വളർത്തിക്കൊണ്ടുവരാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു... ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)