
ആ കാട്ടില്‍ ധാരാളം സിംഹങ്ങള്‍ ഉണ്ടായിരുന്നു. സിംഹങ്ങള്‍ കൊന്നുതിന്നുന്നവയുടെ അവശിഷ്ടങ്ങളെല്ലാം തങ്ങളുടെ ചുവട്ടിലാണ് ഇടുന്നത് എന്നത് ആ കാട്ടിലെ രണ്ടുമരങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. അവര്‍ ഇത് പരസ്പരം പറയുകയും മറ്റുളളവരോട് പറയുകയും ചെയ്തു. അവസാനം അവര്‍ ചര്‍ച്ച ചെയ്ത് ഒരു തീരുമാനം എടുത്തു. സിംഹങ്ങള്‍ വരുമ്പോള്‍ പേടിപ്പിച്ച് ഓടിക്കുക. ഇത് കേട്ട് വയസ്സായ ഒരു മരം പറഞ്ഞു: അത് അപകടമാണ്. ഈ തീരുമാനം അപകടം ക്ഷണിച്ചുവരുത്തും.. അവര്‍ ആ വാക്കുകള്‍ ചെവിക്കൊണ്ടില്ല. അവര്‍ തീരുമാനം നടപ്പിലാക്കി. സിംഹങ്ങള്‍ വരുമ്പോഴെല്ലാം കാററിന്റെ സഹായത്തോടെ അവര്‍ ആടിയുലഞ്ഞു. ഈ കാട്ടില്‍ എന്തോ അത്യാഹിതം സംഭവിക്കാന്‍ പോകുന്നു എന്ന ഭയത്തോടെ സിംഹങ്ങള്‍ കാടുപേക്ഷിച്ചുപോയി. ആ കാട്ടില്‍ സിംഹങ്ങള്‍ ഇല്ലെന്ന വാര്‍ത്തപരന്നതോടെ മരംവെട്ടുകാര്‍ കാട്ടിലേക്ക് കയറി. പലമരങ്ങളേയും അവര്‍ മുറിച്ചുകാടുകടത്തി... കുറവുകളിലാത്ത സാഹചര്യങ്ങളും കുറവുകളില്ലാത്ത മനുഷ്യരുമില്ല.. അങ്ങനെയൊരു അവസ്ഥയ്ക്ക് വേണ്ടിയുളള അന്വേഷണത്തിന് തന്നെ ചില പോരായ്മകളുണ്ട്. കാരണം ആ യാത്ര ഒരിക്കലും അവസാനിക്കില്ല. എന്തിലും ന്യൂനത കണ്ടെത്തുന്നത് കൊണ്ട് ഒന്നിലും തൃപ്തി ലഭിക്കില്ല. മാത്രമല്ല ഒരിക്കലുംലഭിക്കാതെ അകലെയുളളതിനെ നോക്കി കാലം കഴിക്കുകയും ചെയ്യും. എല്ലാവരും അവരവരുടേതായ ദൗര്‍ബല്യങ്ങളോടെയാണ് ജനിക്കുന്നത്. തിരുത്തലുകളോ രൂപാന്തരങ്ങളോ ആവശ്യമില്ലാത്ത ആരും ഉണ്ടാകില്ല. മറ്റുളളവരില്‍ ഇഷ്ടക്കേടുകള്‍ കണ്ടെത്തുന്ന സ്വഭാവമുണ്ടെങ്കില്‍ അവിടെ നടക്കേണ്ടത്, അപരന്റെ മാറ്റമല്ല, സ്വന്തം മനംമാററമാണ്. കുറവുകളില്ലാത്ത ആളുകളും സാഹചര്യങ്ങളും ഉണ്ടാകാനുളള സാധ്യത വളരെ വിരളമാണ്.. അതേ കുറവുകളോടെ സ്വീകരിക്കാനും അംഗീകരിക്കാനും ചേര്‍ത്തുപിടിക്കാനും നമുക്ക് ശീലിക്കാം.. അവിടെയേ നമുക്ക് സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കൂ - ശുഭദിനം.
കവിത കണ്ണന്‍