വായനദിനം

GJBSNMGL
0
പ്രിയമുള്ളവരേ, ഇന്ന് ജൂൺ 19 വായനദിനം.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും, പ്രചാരകനുമായിരുന്ന ശ്രീ. പി. എൻ. പണിക്കരുടെ ചരമദിനമാണ് വായനദിനമായി നാം ആചരിക്കുന്നത്."ദിവസവും വായനയ്ക്കായ് ഒരു മണിക്കൂർ മാറ്റി വയ്ക്കൂ. അത് നിങ്ങളെ അറിവിന്റെ കേന്ദ്രമാക്കി ഏതാനും നാളുകൾക്കുള്ളിൽ തന്നെ പരിണമിപ്പിക്കും "എന്ന എ. പി. ജെ യുടെ വരികളെ സ്മരിച്ചുകൊണ്ട് ജീവിതത്തിൽ വായനയ്ക്ക് പരമപ്രധാനമായ സ്ഥാനം നൽകാൻ നാം ഓരോരുത്തർക്കും ശ്രമിക്കാം. "വായന മനുഷ്യനെ പൂർണ്ണനാക്കുന്നു "എന്ന ഫ്രാൻസിസ് ബേക്കണിന്റെ വചനം എത്ര അർത്ഥവത്താണ്. പുസ്തക വായന ഒരു ദൈനം ദിന പ്രവർത്തനമായിട്ട് നാം ഓരോരുത്തരും കാണണം . കുട്ടികളെയും വായനയുടെ ലോകത്തേയ്ക്ക് നയിക്കാൻ നാം എപ്പോഴും ശ്രമിക്കണം.വായന ശീലമാക്കുന്നതോടൊപ്പം പുസ്തകങ്ങളെ സ്നേഹിക്കാനും,വായിക്കാനും, കഴിയുന്നത്ര പുസ്തകങ്ങൾ ശേഖരിക്കാനുമുള്ള മനസ്സുണ്ടാക്കി എടുക്കണം.കുട്ടിക്കാലം മുതൽ വായനയുടെ പ്രാധാന്യത്തെയും, മഹത്വത്തെയും കുറിച്ച് ബോധവാന്മാരാക്കണം. എല്ലാ കൂട്ടുകാരുടെ വീട്ടിലും വായനയെ പരിപോഷിപ്പിക്കുന്നതിനായി ഒരു കുഞ്ഞു ലൈബ്രറി ആകർഷകമായി സജ്ജീകരിക്കാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം. മാസത്തിൽ ഒരു പുസ്തകമെങ്കിലും വീട്ടിലെ ലൈബ്രറിലേയ്ക്ക് വാങ്ങാൻ ശ്രമിക്കണം. നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കുന്നതിലൂടെ നല്ല പദസമ്പത്ത് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതിനോടൊപ്പം നന്മയുള്ള, മനുഷ്യത്വമുള്ള വ്യക്തികളായി മാറുമെന്നതിൽ സംശയമില്ല. പുസ്തകങ്ങളെ സ്നേഹിക്കുക, പുസ്തകവായന ദിനചര്യയാക്കി മാറ്റുക.വായിക്കുന്ന കാര്യങ്ങൾ കുറിച്ചു വയ്ക്കുക,പുസ്തകം വാങ്ങാനും വായിക്കാനും ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. എന്നോർമ്മിപ്പിച്ചു കൊണ്ട് എല്ലാപേർക്കും വായനദിനം ആശംസിക്കുന്നു.

Post a Comment

0Comments
Post a Comment (0)