അവര്‍ വലിയ ദൈവവിശ്വാസിയായിരുന്നു. ദാരിദ്ര്യത്തില്‍ മുങ്ങിനില്‍ക്കുമ്പോഴും അവര്‍ തന്റെ ദൈവവിശ്വാസം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു. യാദൃശ്ചികമായി ഒരു റേഡിയോ ഷോയില്‍ സംസാരിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ തന്റെ ദാരിദ്യത്തെക്കുറിച്ച് ദൈവത്തിനുള്ള സന്ദേശമായി അവര്‍ അവതരിപ്പിച്ചു. ഇത് കേട്ട ഒരു നിരീശ്വരവാദി അവര്‍ക്ക് വേണ്ട ഭക്ഷണവുമായി വന്നു. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: ഇത് നിങ്ങളുടെ ദൈവം തന്നതല്ല, ചെകുത്താന്‍ തന്നതാണ്. പക്ഷേ, അവര്‍ ആ ഭക്ഷണം ആസ്വദിച്ചുകഴിച്ചുകൊണ്ടേയിരുന്നു. അയാള്‍ വീണ്ടും ചോദിച്ചു: ഇത് ചെകുത്താന്‍ തന്നതാണെന്ന് പറഞ്ഞിട്ടും നിങ്ങള്‍ക്ക് അത്ഭുതമൊന്നും തോന്നിയില്ലേ.. അവര്‍ പറഞ്ഞു: ഞാന്‍ എന്തിന് അത്ഭുതപ്പെടണം.. ദൈവം കല്‍പിച്ചാല്‍ ചെകുത്താന് പോലും അതനുസരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം... നമ്മള്‍ ഓരോന്നിനോടും പുലര്‍ത്തുന്ന സമീപനമാണ് നമ്മുടെ ദൃഢത തീരുമാനിക്കുന്നത്. അത് വിശ്വാസമായാലും ഒരു ബന്ധമായാലും. പിടിച്ചാല്‍ മുറുകെ പിടിക്കുക. വിട്ടാല്‍ പൂര്‍ണ്ണമായും വിട്ടുകളയുക.. എന്തിനെയും ഒഴുക്കന്‍ മട്ടില്‍ സമീപിക്കുന്നവര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടാകണമെന്നില്ല. ആളുകളെ ബോധിപ്പിക്കാനുള്ള പരസ്യപ്രകടനങ്ങള്‍ മാത്രമാണ് ആ ചെയ്തികള്‍. ഉള്ളില്‍ അഗ്നിയുളളവര്‍ക്ക് മാത്രമേ ചെയ്യുന്ന കര്‍മ്മങ്ങളില്‍ ഊര്‍ജ്ജസ്വലതയുണ്ടാകൂ. നമുക്ക് വിശ്വാസം മുറുകെ പിടിക്കാം - ശുഭദിനം.