പ്രകൃതിയിലെ വിസ്മയ കാഴ്ചകൾ

GJBSNMGL
0
പ്രിയമുള്ളവരേ,
കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത ഒരു ഓൺലൈൻ ക്ലാസ്സിൽ നിന്നും നേടിയ ചില തിരിച്ചറിവുകളാണ് ഇന്നത്തെ കുറിപ്പിന് ആധാരം... നാമെല്ലാവരും പ്രകൃതിയിലെ വിസ്മയ കാഴ്ചകൾ പൂർണമായി ആസ്വദിച്ചിട്ടുള്ളവരാണോ ? സ്വയം വിലയിരുത്തിയാൽ "പൂർണമായി ആസ്വദിച്ചിട്ടില്ല" എന്നതാണ് എന്നിലുണ്ടാകുന്ന ഉത്തരം . രാവിലെ ഉണർന്ന് പുറത്തെ കാഴ്ചകൾ കണ്ടിരിക്കുക മനസ്സിന് തണുപ്പ് നൽകുന്ന അനുഭവമാണ് .... സൂര്യപ്രകാശം പതുക്കെ പതുക്കെ ഭൂമിയിൽ പരക്കുമ്പോൾ ... പ്രകൃതിയ്ക്ക് , അതിലെ ജീവജാലങ്ങൾക്ക് ഉണ്ടാകുന്ന മാറ്റം അനുഭവിച്ചു തന്നെ അറിയണം ... മറ്റെല്ലാ ചിന്തകളും മറന്ന് സ്വസ്ഥമായി പ്രകൃതിയെ മനസ്സിലേയ്ക്ക് ആവാഹിക്കാൻ കഴിയണം.. പ്രപഞ്ച വിസ്മയങ്ങളെ തിരിച്ചറിഞ്ഞു ജീവിച്ചാൽ പിന്നെ വേറെ കൃത്രിമ കാഴ്ചകൾ ഒന്നും തേടി പോകേണ്ടതേയില്ല.
സസ്യലോകത്തിലെ വിസ്മയകാഴ്ചകൾ വൈവിധ്യങ്ങൾ നിറഞ്ഞതാണ്.... പൂക്കുന്ന സസ്യങ്ങളിൽ തന്നെ അവയുടെ പൂക്കളിലെ നിറങ്ങളിലും, വലിപ്പത്തിലും, രൂപങ്ങളിലും, ഇതളുകൾ ക്രമീകരിച്ചിരിക്കുന്നതിലും ഉള്ള വ്യത്യാസം നമ്മെ അതിശയിപ്പിക്കാറില്ലേ? ഇതുപോലെ എത്രയധികം ജീവികൾ, ജന്തുക്കൾ!....
നാം മനുഷ്യരിൽ പോലും രൂപത്തിലും, ഭാവത്തിലും സ്വഭാവത്തിലും എന്തെല്ലാം വ്യത്യാസങ്ങൾ കാണാൻ കഴിയും ? ഒരാളെ പോലെ ഒരാൾ മാത്രമേയുള്ളൂ എന്നതാണല്ലോ സത്യം. എത്ര വൈവിധ്യമാർന്ന വിസ്മയിപ്പിക്കുന്ന ആകാശ കാഴ്ചകൾ! ....
ഇവയൊക്ക കാണാനും, അനുഭവിക്കാനും, അറിയാനുമുള്ള കഴിവ് പഠനത്തിലൂടെയാണ് കുട്ടികൾ ആർജ്ജിക്കേണ്ടത് .....എങ്ങനെയാണ് ഇത്തരം കഴിവുകൾ കുട്ടികൾ ആർജ്ജിക്കുന്നത്? അതിന് അവരുടെ അകക്കണ്ണു തുറക്കാനുള്ള പ്രവർത്തനങ്ങൾ അവർക്കായി വീട്ടിലും, വിദ്യാലയത്തിലും ഒരുക്കണം. കുട്ടിത്തമുള്ള മനസ്സിന്റെ കുഞ്ഞു ചിന്തകളെ അന്വേഷണത്തിന്റെ വഴിയേ തിരിച്ചു വിടാൻ നാം ഓരോരുത്തരും ശ്രമിക്കണം. എന്ത്? എന്തുകൊണ്ട് ? എങ്ങനെ ? എന്നിങ്ങനെയുള്ള ചിന്തകൾ അവരുടെ മനസ്സുകളെ അസ്വസ്ഥമാക്കണം...
ഉത്സാഹത്തോടെ അവർ പ്രകൃതിയിലൂടെ സ്വയം കണ്ടെത്തി പഠിക്കാനുള്ള എല്ലാ ശ്രമത്തെയും നാം പ്രോത്സാഹിപ്പിക്കണം. എപ്പോഴും നമുക്ക് തിരക്കാണ്... ഒന്നിനും സമയമില്ല ..... ചിട്ടയായ ജീവിതം പ്രപഞ്ച കൗതുകങ്ങൾ കണ്ടെത്താനും, അറിയാനുമുള്ള അനുഭവങ്ങൾക്കുള്ള സമയവും സന്ദർഭവും നമുക്ക് നൽകും ... അതിനുള്ള വഴികൾ സ്വയം കണ്ടെത്തി മനസ്സിനെ സദാ പ്രവർത്തന നിരതമാക്കി വയ്ക്കൂ. ഈ ലോകം എത്ര മനോഹരമാണ്. ഓരോ നിമിഷവും പ്രകൃതിയെ കാണാനും, കേൾക്കാനും,അനുഭവിക്കാനുമുള്ള അവസരം പാഴാക്കാതെ മന:സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.. പഞ്ചേന്ദ്രിയ വികസനത്തിലൂടെ കുട്ടികളിലേയ്ക്കും ഈ കഴിവുകൾ പടർത്താൻ കഴിയട്ടെ... ശുഭദിനം

Post a Comment

0Comments
Post a Comment (0)