ശുഭദിനം 13-01-24

GJBSNMGL
0
അയാള്‍ ഒരു കൊടുംകുറ്റവാളിയായിരുന്നു. വളരെ മൃഗീയമായ കുറ്റകൃത്യങ്ങളാണ് അയാള്‍ ചെയ്തുകൊണ്ടിരുന്നത്. അങ്ങനെയിരിക്കെയാണ് ശ്രീബുദ്ധനെക്കുറിച്ച് അയാള്‍ കേള്‍ക്കുന്നത്. കേട്ടകഥകള്‍ അയാളെ ഒന്ന് മാറി ചിന്തിപ്പിച്ചു. ബുദ്ധശിഷ്യനാകാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹവുമായി അയാള്‍ ബുദ്ധാശ്രമത്തിലെത്തിയെങ്കിലും ബുദ്ധനെ കാണാനോ അകത്തു കയറാനോ ആരും അനുവദിച്ചില്ല. ദിവസങ്ങളോളം അയാള്‍ ഈ പ്രവൃത്തി തുടര്‍ന്നു. പക്ഷേ, ആരും അയാളെ വിശ്വസിച്ചില്ല. അവസാനം മനം നൊന്ത് പുറത്തെ ഭിത്തിയില്‍ തലയിടിച്ച് മരിക്കാന്‍ അയാള്‍ തീരുമാനിച്ചു. തലപൊട്ടി ചോരയൊഴുകി നില്‍ക്കുമ്പോഴാണ് ബുദ്ധന്‍ ഭിക്ഷാടനം കഴിഞ്ഞ് കടന്ന് വന്നത്. ബുദ്ധന്‍ അയാളോട് കാര്യമന്വേഷിച്ചു. തന്റെ പൂര്‍വ്വകഥകളെല്ലാം അയാള്‍ ബുദ്ധനോട് പറഞ്ഞു. കൂടാതെ ശിഷ്യനാകണമെന്ന തന്റെ ആഗ്രഹവും. ബുദ്ധന്‍ അയാളെ കൂട്ടി ആശ്രമത്തിലേക്ക് വന്നു. മുറിവ് വെച്ചുകെട്ടി. ആശ്രമത്തിലൊരിടം കൊടുത്തു. ഇത് കണ്ട് മററ് ശിഷ്യന്മാര്‍ ബുദ്ധനോട് തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. അവര്‍ പറഞ്ഞു: അയാള്‍ വലിയൊരു കുറ്റവാളിയാണ്. ക്ഷമിക്കാനാകാത്ത ധാരാളം തെറ്റുകള്‍ ചെയ്തയാളാണ്. അങ്ങെന്തിനാണ് അയാളെ ഇവിടെ താമസിപ്പിക്കാന്‍ അനുവദിച്ചത്. ബുദ്ധന്‍ പറഞ്ഞു: നിങ്ങളെല്ലാം അയാളുടെ ഭൂതകാലത്തിലേക്കാണ് ശ്രദ്ധപതിപ്പിച്ചത്. അയാളുടെ വര്‍ത്തമാനകാലത്തിലെ ആഗ്രഹവും ഭാവികാലവും നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. ബുദ്ധന്‍ തുടര്‍ന്നു. ഒരു മനുഷ്യന്‍ സ്വയം മാറാന്‍ ആഗ്രഹിച്ചാല്‍ അയാള്‍ക്ക് ഏത് നിമിഷം വേണമെങ്കിലും സാധ്യമാണ്. വര്‍ത്തമാനകാലത്തില്‍ ഒരു നല്ല മാറ്റത്തിനായി ഒരാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭൂതകാലം നോക്കി വിലയിരുത്താതെ,് ചേര്‍ത്ത് നിര്‍ത്താന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.

Post a Comment

0Comments
Post a Comment (0)