
ആ രാജ്യത്തെ രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അധികാരത്തിലേറി. നല്ല അറിവും പാണ്ഡിത്യവുമുളള വ്യക്തിയായിരുന്നു പുതിയ രാജാവ്. ദൈവപ്രീതിക്കായി മൃഗങ്ങളേയും പക്ഷികളേയും കുരുതികൊടുക്കുന്ന ഒരു ആചാരം ആ നാട്ടിലുണ്ടായിരുന്നു. ഭരണത്തിലേറിയപ്പോള്‍ രാജാവ് ആദ്യം ചെയ്തത് അത്തരം ആചാരങ്ങളെ നിര്‍ത്തലാക്കുക എന്നതായിരുന്നു. നിഷ്‌കളങ്കരായ മൃഗങ്ങളേയും പക്ഷികളയേും കുരുതികൊടുക്കാന്‍ പാടില്ലെന്ന നിയമം അദ്ദേഹം കൊണ്ടുവന്നു. അന്ന് മുതല്‍ മനുഷ്യര്‍ മാത്രല്ല പക്ഷി മൃഗാദികളും അവിടെ സമാധാനമായി ജീവിക്കാന്‍ തുടങ്ങി. സത്യത്തില്‍ ഈശ്വരന് മുന്നില്‍ കുരുതി കഴിപ്പിക്കേണ്ടത് അന്യജീവികളുടെ ജീവനെയല്ല. സ്വന്തം അഹന്തയും സ്വാര്‍ത്ഥതയുമാണ്. പ്രതികരണശേഷിയിയില്ലാത്തവയേയും നിസ്സഹായേരേയും ബലികൊടുത്ത് സ്വന്തം ഇഷ്ടങ്ങളെ സഫലമാക്കുന്നത് ബലമല്ല, ബലഹീനതയാണ്. അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. കഴിവുള്ളവര്‍ക്ക് കൂടിയ അളവിലും കഴിവ് കുറഞ്ഞവര്‍ക്ക് കുറഞ്ഞ അളവിലും ലഭിക്കേണ്ട ഒന്നല്ല അവകാശം. അധികാരമോ പ്രതാപമോ ഉള്ളതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ലഭിക്കുന്ന ആനുകൂല്യങ്ങളുമല്ല അവകാശങ്ങള്‍. ഒരേയിടത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും സമാധാനമായി ജീവിക്കാനുളള അവകാശമെങ്കിലും പരസ്പരം ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
കവിത കണ്ണന്‍