ശുഭദിനം - 29.01.24

GJBSNMGL
0
നാല്‍കവലയില്‍ ആളുകള്‍ കൂട്ടംകൂടി നിന്നു. ഒരു സര്‍ക്കസുകാരന്‍ വലിച്ചുകെട്ടിയ വളരെ ഉയരമുള്ള കയറിലൂടെ നടക്കുകയാണ്. കയ്യില്‍ ഒരു വടിയുമുണ്ട്. കയറിന്റെ പാതിവഴിയിലെത്തിയതും അയാളൊന്ന് ഉലഞ്ഞു. ആളുകള്‍ ആശങ്കയോടെ ശബ്ദമുയര്‍ത്തി. പക്ഷേ ആ കയറില്‍ ബാലന്‍സ് ചെയ്ത് അയാള്‍ മറുവശത്തെത്തി. പിന്നീട് അയാള്‍ കയറിയത് തന്റെ മകനെയും കൊണ്ടായിരുന്നു. ഇത്തവണ ആളുകള്‍ പരിപൂര്‍ണ്ണനിശബ്ദരായിരുന്നു. തങ്ങളുടെ ശബ്ദം കൊണ്ട് അയാളുടെ ശ്രദ്ധതെറ്റിയാലോ എന്നുപോലും അവര്‍ പേടിച്ചു. അത്തവണയും അയാള്‍ വളരെ സുരക്ഷിതമായി തന്റെ മകനെയും കൊണ്ട് മറുവശത്തുകൂടെ തിരിച്ചിറങ്ങി. ആളുകള്‍ കരഘോഷത്തോടെ അവരെ സ്വീകരിച്ചു. ധാരാളം പണവും നല്‍കി. അപ്പോള്‍ അയാള്‍ അവരോട് ചോദിച്ചു: ഞാന്‍ ഇനിയും ഈ കയറിലൂടെ നടന്നാല്‍ സുരക്ഷിതമായി മറുവശത്തുകൂടെ തിരിച്ചിറങ്ങുമെന്ന വിശ്വാസം ഇനിയും നിങ്ങള്‍ക്കുണ്ടോ? അവര്‍ ഉവ്വെന്ന മറുപടി നല്‍കി. അപ്പോള്‍ അയാള്‍ ചോദിച്ചു: എങ്കില്‍ നിങ്ങളുടെ ആരുടെയെങ്കിലും ഒരു കുട്ടിയെ തരൂ.. ഞാന്‍ അവരെയുമെടുത്ത് കയറിലൂടെ നടന്ന് മറുവശത്ത് എത്തിക്കാം. അതുവരെ കരഘോഷമുയര്‍ത്തിയ ആള്‍ക്കൂട്ടം നിശബ്ദമായി.. അയാള്‍ ചിരിച്ചു. അയാള്‍ പറഞ്ഞു: മനുഷ്യര്‍ അങ്ങിനെയാണ് അവര്‍ക്ക് മറ്റുളളവരില്‍ വിശ്വാസമുണ്ടാകും പക്ഷേ, സ്വന്തം കാര്യം വരുമ്പോള്‍ ആ വിശ്വാസം ഉണ്ടാകണമെന്നില്ല.. പലപ്പോഴും നമുക്കും മറ്റുള്ളവരെ ഉപദേശിക്കാനും അവര്‍ അത് ചെയ്യുമെന്ന് വിശ്വസിക്കാനുമെല്ലാം വളരെ എളുപ്പമാണ്. പക്ഷേ, സ്വന്തം പ്രവൃത്തിപഥത്തില്‍ അവ കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് പലപ്പോഴും പാലിക്കപ്പെടാന്‍ സാധിക്കാതെ വരുന്നത്. എത്ര വിശ്വാസം നമുക്ക് മറ്റുള്ളവരോടുണ്ടോ അത്രയും അല്ലെങ്കില്‍ അതിലധികം വിശ്വാസം നമുക്ക് നമ്മിലുമുണ്ടാകാന്‍ പരിശ്രമിക്കാം കാരണം, ആ വിശ്വാസമാണ് നമ്മെ സ്വപ്നങ്ങളിലേക്കും വിജയത്തിലേക്കും നയിക്കുന്നത്. - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)