ശുഭദിനം - 24.01.24

GJBSNMGL
0
അയാള്‍ എന്നും തന്റെ ഭാണ്ഡവുമെടുത്ത് യാത്രകള്‍ ചെയ്യും. ആകെ ഭിക്ഷയായി ചോദിക്കുന്നത് അല്‍പം ഭക്ഷണം മാത്രമാണ്. ആരെങ്കിലും പൈസകൊടുത്താല്‍ അതുകൊണ്ട് മിഠായികളും കളിപ്പാട്ടങ്ങളും വാങ്ങും. ഈ മിഠായികളും കളിപ്പാട്ടങ്ങളുമെല്ലാം അയാള്‍ കണ്ടുമുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഒരിക്കല്‍ കുറച്ചു ചെറുപ്പക്കാര്‍ അയാളോട് ചോദിച്ചു: ഞങ്ങള്‍ക്കുളള എന്തെങ്കിലും ഈ ഭാണ്ഡത്തിലുണ്ടോ? അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ഈ ഭാണ്ഡം ഒരു പ്രതീകമാണ്. ഇതുപോലെ പലരും അദൃശ്യമായ ഭാണ്ഡങ്ങളും പേറിയാണ് നടക്കുന്നത്. അനാവശ്യമായ ഒന്നാണ് ആ ഭാണ്ഡത്തിലെങ്കില്‍ അതിന്റെ ഭാരം നിങ്ങളെ ബുദ്ധിമുട്ടിക്കും. എന്റെ ഭാണ്ഡത്തില്‍ നിറയെ കളിപ്പാട്ടങ്ങളും മിഠായികളുമാണ്. അത് എന്റെ കുട്ടികള്‍ക്കുള്ളതാണ്. അതുകൊണ്ടുതന്നെ അവയെനിക്ക് ഭാരമേയല്ല. അയാള്‍ ചിരിച്ചുകൊണ്ട് ഭാണ്ഡവുമെടുത്ത് നടന്നകന്നു. എല്ലാ ചുമടുകളും ഭാരങ്ങളാകുന്നില്ല. ചുമടെടുക്കാതെയും ചുമലിലേറ്റാതെയുമുളള യാത്രകള്‍ അനായസരമാണെങ്കിലും ആത്മസംതൃപ്തി നല്‍കുന്നവയാകണമെന്നില്ല. ഒന്നും ഏറ്റെടുക്കാതെ ഒന്നിലും ഇടപെടാതെ, ആര്‍ക്കുവേണ്ടിയും നിലകൊള്ളാതെയുള്ള ദിനങ്ങള്‍ ആര്‍ക്കും ഉപകരിക്കാത്തവയാണ്. അവനവനോ അപരനോ സന്തോഷത്തിന്റെ ഒരു കണികപോലും നല്‍കാതെയുള്ള ജീവിതത്തിന് എന്തര്‍ത്ഥമാണ് ഉളളത്? പേറുന്ന ഭാണ്ഡത്തിന്റെ പ്രസക്തി ഇവിടെയാണ്. ചുമക്കേണ്ടവയെ മാത്രം ചുമലിലേറ്റുക. അല്ലാത്തവയെ മാലിന്യകൂമ്പാരത്തില്‍ തള്ളുക.. മറ്റുള്ളവര്‍ക്ക് സന്തോഷവും ഊര്‍ജ്ജവും നല്‍കുന്ന ഭാണ്ഡത്തിന്റെ ഉടമകളാകാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)