മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്
ദിവ്യകോകിലം എന്നാണ് ഡോ. എം.ലീലാവതി കുമാരനാശാനെ വിശേഷിപ്പിച്ചത്. ബാല്യത്തില്‍ തന്നെ കവിതാരചനയില്‍ കമ്പമുണ്ടായിരുന്ന കുമാരുവിന്റെ രചനകള്‍ പരവൂര്‍ കേശവനാശാന്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനാനന്ദിനി എന്ന മാസികയില്‍ കുമാരു, എന്‍. കുമാരന്‍, കായിക്കര എന്‍. കുമാരന്‍ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിച്ചിരുന്നു.
മണമ്പൂര്‍ ഗോവിന്ദനാശാന്റെ വിജ്ഞാന സന്ദായിനി പാഠശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് വള്ളി വിവാഹം (അമ്മാനപ്പാട്ട്), സുബ്രഹ്‌മണ്യ ശതകം (സ്‌തോത്രം), ഉഷാകല്യാണം (നാടകം) എന്നിവ രചിച്ചത്. ടാഗോറിന്റെ കവിതകളും പാശ്ചാത്യ കവികളായ കീറ്റ്സ്, ഷെല്ലി, ടെന്നിസണ്‍ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പര്‍ക്കവും ആശാനിലെ കവിയെ പാകപ്പെടുത്തി. വീണപൂവ് എന്ന ഖണ്ഡകാവ്യത്തിലൂടെ ആശാനും കാല്പനിക പ്രസ്ഥാനവും മലയാള സാഹിത്യത്തില്‍ നിലയുറപ്പിച്ചു.