ശുഭദിനം - 12.02.24

GJBSNMGL
0
ആ കുറുക്കന്റെ ദേഹം മുഴുവന്‍ ചെള്ള് നിറഞ്ഞു. പല തവണ കുടഞ്ഞുകളയാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒരു ദിവസം വെള്ളം കുടിക്കാനായി നദിയില്‍ കാലെടുത്തുവെച്ചപ്പോള്‍ കാലിലെ ചെള്ളെല്ലാം താഴേക്ക് വീഴുന്നത് കുറുക്കന്‍ ശ്രദ്ധിച്ചു. ഉടനെ തന്നെ ഒരു വലിയ കമ്പും കടിച്ച് പിടിച്ച് അവന്‍ നദിയിലേക്കിറങ്ങി. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ചെള്ളുകള്‍ കുറുക്കന്റെ വയറിന്റെ ഭാഗത്തേക്ക് കയറി. വയറും മുങ്ങിയപ്പോള്‍ കഴുത്തിലേക്കും കഴുത്തും മുങ്ങിയപ്പോള്‍ മുഖത്തേക്കും അവ കടന്നു. കുറുക്കന്‍ രണ്ടും കല്‍പിച്ച് തലയും മുക്കി. അപ്പോള്‍ രക്ഷയില്ലാതെ ചെള്ളുകള്‍ വടിയില്ലേക്ക് കയറി. എല്ലാ ചെള്ളുകളും വടിയിലേക്ക് കയറിയെന്ന് ഉറപ്പായപ്പോള്‍ കുറുക്കന്‍ ആ വടി പുഴയില്‍ ഉപേക്ഷിച്ച് തിരിച്ചു വന്നു. ഉള്ള് കാര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നവരെ അകറ്റാന്‍ ശ്രമിച്ചാലും അകമ്പടി സേവിച്ച് അവര്‍ കൂടെ വരും. നിഗൂഡ താല്‍പര്യങ്ങളായിരിക്കും പലപ്പോഴും അവരുടെ ലക്ഷ്യം. കടിച്ചുതൂങ്ങി നില്‍ക്കുന്നവയെ കരുതലോടെ മാത്രമേ കളയാവൂ. വലിച്ചുപറിക്കാന്‍ ശ്രമിച്ചാല്‍ അവയുടെ ദംഷ്ട്രയേറ്റ് ദേഹമെല്ലാം മുറിയുകയാകും ഫലം. ഏത് സുഖത്തിലാണോ അവര്‍ അഭിമരിക്കുന്നത് ആ സുഖത്തിന്റെ വിപരീതഅനുഭവം നല്‍കുക എന്നതാണ് അത്തരക്കാരെ ഒഴിവാക്കാനുള്ള എളുപ്പവഴി. സ്വയം ഒഴിയാന്‍ നിര്‍ബന്ധിതരാകുന്ന സാഹര്യ ങ്ങളില്‍ മാത്രമേ അവര്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുപോകൂ. നമ്മുടെ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം കൃത്യമായ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. സ്വന്തം ആത്മാവിനേയും ശരീരത്തേയും നശിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്തിയാല്‍ അത്തരം ബന്ധങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിടാന്‍ നമുക്കാകണം. ഉയിര് കാര്‍ന്നെടുക്കാന്‍ ശേഷിയുള്ള അത്തരം ബന്ധങ്ങള്‍ ബന്ധനമാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)