
അയാള്‍ ധാന്യം നിറച്ച ചാക്ക് തന്റെ വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഭാരക്കൂടുതല്‍ കാരണം അയാള്‍ക്ക് അതിന് കഴിയുന്നില്ല. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ ആ വഴി വന്നത്. അവന്‍ പറഞ്ഞു: എനിക്കൊരു എളുപ്പവഴി അറിയാം. ഇത് അയാളെ ചൊടിപ്പിച്ചു. അയാള്‍ പറഞ്ഞു: ഇതുപോലെ ധാരാളം ചാക്ക് ഞാന്‍ കയറ്റുകയും ഇറക്കുകയും ചെയ്തിട്ടുളളതാണ്. ഇതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയാം. അവന്‍ ചിരിച്ചുകൊണ്ട് നടന്നു. അപ്പോള്‍ അയാള്‍ക്ക് തോന്നി. അവന്റെ ആശയം നല്ലതാണെങ്കിലോ? ഒന്ന് കേട്ട് നോക്കാം. അയാള്‍ അവനെ തിരിച്ചുവിളിച്ചു. അപ്പോള്‍ ചെറുപ്പക്കാരന്‍ പറഞ്ഞു: നിങ്ങള്‍ ചാക്കിന്റെ ഒരുവശത്ത് പിടിക്കൂ.. ഞാന്‍ മറുവശത്ത് പിടിക്കാം. അങ്ങനെ ചാക്ക് എളുപ്പത്തില്‍ വണ്ടിയില്‍ കയറ്റാം.. പറഞ്ഞതുപോലെ ചാക്കുകള്‍ എടുത്തുവെച്ച് ഒരു ചിരിസമ്മാനിച്ച് അവന്‍ നടന്നുപോയി. അറിവും അനുഭവവും ആപേക്ഷികമാണ്. പ്രായമായ എല്ലാവര്‍ക്കും അനുഭവജ്ഞാനമുണ്ടാകണമെന്നില്ല. പ്രവര്‍ത്തിയുളളവര്‍ക്ക് മാത്രമേ പ്രവര്‍ത്തിപരിചയമുണ്ടാകൂ എന്ന് പറയുന്നതുപോലെ.. പരിജ്ഞാനമുണ്ടാകണമെങ്കില്‍ പരിചയം വേണം.. എല്ലാ മൂത്തവരും തരുന്ന നെല്ലിക്ക ആദ്യം കയ്ചു പിന്നെ മധുരിക്കണമെന്നില്ല.. പ്രായവും പ്രായോഗികതയും രണ്ടാണ്.. മറ്റുളളവരുടെ തഴക്കവും പരിചയവും യഥാവിധി ഉപയോഗിക്കുമ്പോള്‍ മാത്രമേ ദ്രുതഗതിയിലുളള വളര്‍ച്ച നമുക്ക് സാധ്യമാകൂ.. - ശുഭദിനം.
കവിത കണ്ണന്‍