അക്‌ബർ കക്കട്ടിലിന്റെ ഓർമ്മദിനം

GJBSNMGL
0
മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു അക്‌ബർ കക്കട്ടിൽ (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016). നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ് (രണ്ട് തവണ. സ്കൂൾ ഡയറി - 1992, വടക്കുനിന്നൊരു കുടുംബവൃത്താന്തം – 2003), മുണ്ടശേരി അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ അക്ബർ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി വിലയിരുത്തപ്പെടുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനത്തിൽ നിന്നകന്ന്, വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുൻനിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകളാണ് അക്‌ബർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലബാറിലെ സാധാരണക്കാരായിരുന്നു. അവരുടെ ദുഃഖകരമായ ജീവിതത്തെ പോലും അക്ബർ സ്വതസ്സിദ്ധമായ നർമം കൊണ്ട് തേജോമയമാക്കി.
അധ്യാപകനായിരുന്ന അക്ബർ കക്കട്ടിലിന്റെ സ്‌കൂൾ അനുഭവങ്ങളും സ്‌കൂൾ കഥകളും ഏറെ പ്രശസ്തമാണ്. കാരൂർ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബർ കക്കട്ടിൽ. വിദ്യാർഥികളും അധ്യാപകരും ഒരുപോലെ വായിച്ചാസ്വദിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അധ്യാപക കഥകൾ ടിവി ചാനലുകളിൽ പരമ്പരയായി വന്നപ്പോഴും നല്ല സ്വീകരണമാണു ലഭിച്ചത്.
ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം, വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ.

Post a Comment

0Comments
Post a Comment (0)