
നൃത്തം അയാള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, മറ്റുള്ളവരുടെ മുന്‍പില്‍ ഒരു ചുവട് വെയ്ക്കാന്‍ പോലും അയാള്‍ക്ക് ഭയമായിരുന്നു. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കിടെ നൃത്തം ചെയ്യാന്‍ ആരെങ്കിലും അയാളെ വിളിച്ചാല്‍ അയാള്‍ തന്ത്രപൂര്‍വ്വം ഒഴിവാകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക വിരുന്നിനിടെ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. പരസ്യമായ ക്ഷണമായതുകൊണ്ട് തന്നെ ഒഴിഞ്ഞുമാറുവാന്‍ അയാള്‍ക്കായില്ല. കാല്‍വിരലിലൂന്നി ആളുകള്‍ നൃത്തം ചെയ്യുന്നത് കണ്ട് അയാള്‍ക്ക് ഭയമായി. ആ ധര്‍മ്മസങ്കടം മനസ്സിലാക്കിയ സഹപ്രവര്‍ത്തക അയാളുടെ കാതില്‍ പറഞ്ഞു: നീ വേറെയാരേയും ശ്രദ്ധിക്കേണ്ട. നിന്റെ ഉള്ളിലേക്ക് വരുന്ന സംഗീതത്തെ മാത്രം ശ്രദ്ധിക്കുക. അതിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുക. അയാള്‍ സാവധാനം അപ്രകാരം ചെയ്തു. അങ്ങനെ നൃത്തം ജീവിതത്തിലാദ്യമായി അയാളിലേക്കെത്തി ഭയം ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ആ ഭയത്തെ മുഖാമുഖം നേരിടുക എന്നതാണ്. ഭയത്തെ രണ്ടുതരത്തില്‍ നമുക്ക് സമീപിക്കാം. ഒന്ന്. അതില്‍ നിന്നും ഒളിച്ചോടി. രണ്ട്, അതിനെ അഭിമുഖീകരിച്ച്. ഒളിച്ചോടുന്നവര്‍ക്ക് എന്നും ഒളിത്താവളങ്ങളില്‍ മാത്രമേ സ്ഥാനമുണ്ടാകൂ.. പേടിക്കുന്ന എന്തിനെയും നേരിട്ട് അഭിമുഖീകരിച്ചാല്‍ പേടി എത്ര അസ്ഥാനത്തായിരുന്നു എന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ ഒളിത്താവളങ്ങളെ നമുക്ക് ഒഴിഞ്ഞുകൊടുക്കാം, ജീവിതത്തെ, പ്രശ്നങ്ങളെ, ഭയത്തെ സധൈര്യം അഭിമുഖീരിക്കാന്‍ ശീലിക്കാം എന്തെന്നാല്‍ അവിടെ മാത്രമേ പുതുമയും വളര്‍ച്ചയും കണ്ടെത്താനാകൂ - ശുഭദിനം.
കവിത കണ്ണന്‍