ലോക ക്യാന്‍സര്‍ ദിനം

GJBSNMGL
0
എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനമായി ആചരിച്ചു വരുന്നു. ഡോക്ടര്‍ നല്‍കുന്ന മരുന്ന് മാത്രമല്ല ഈ രോഗത്തിന് ആവശ്യമെന്നും സമൂഹത്തിന്റെ കരുതലും പരിചരണവുംകൂടി ആവശ്യമാണെന്നും ക്യാന്‍സര്‍ ദിനം ഓര്‍മ്മിപ്പിക്കുന്നു. തെറ്റിദ്ധാരണകള്‍, ക്യാന്‍സറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍, ശരിയായ ചികിത്സ നേടുക, മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ആളുകളെ ബോധവത്കരിക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
ക്യാന്‍സര്‍ രോഗികളുടെയും രോഗത്തെ അതിജീവിച്ചവരുടെയും ജീവിത പുരോഗതിയില്‍ സ്വാധീനം ചെലുത്താനുതകുന്നതാണ് ദിനാചരണം. യൂണിയന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ (യുഐസിസി) ആണ് ഫെബ്രുവരി 4 നെ ലോക ക്യാന്‍സര്‍ ദിനമായി പ്രഖ്യാപിച്ചത്.
2000 ഫെബ്രുവരി 4-ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന ന്യൂ മില്ലേനിയത്തിനായുള്ള ലോക ക്യാന്‍സര്‍ കോണ്‍ഫറന്‍സിലാണ് ഈ ദിനാചരണം പ്രഖ്യാപിക്കപ്പെട്ടത്. അതിനുശേഷം എല്ലാ വര്‍ഷവും, ലോകമെമ്പാടുമുള്ള ആളുകള്‍ ക്യാന്‍സര്‍ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അര്‍ബുദം, അതിന്റെ പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ചുള്ള അവബോധം തുടര്‍ന്നും പ്രചരിപ്പിക്കുന്നതിനുമായി വ്യത്യസ്തമായ പ്രമേയവുമായി ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു.
ബോധവല്‍ക്കരണം നടത്തുകയും രോഗവുമായി ബന്ധപ്പെട്ട സാമൂഹിക തിന്‍മകള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ആഗോളതലത്തില്‍ തന്നെ മനുഷ്യന്റെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ക്യാന്‍സറിന്റെ സ്ഥാനം. ശ്വാസകോശം, സ്തനാര്‍ബുദം, ഗര്‍ഭാശയമുഴ, തല, കഴുത്ത്, വന്‍കുടല്‍ ക്യാന്‍സര്‍ (CRC) എന്നിവയാണ് ഇന്ത്യന്‍ ജനതയെ ബാധിക്കുന്ന പ്രധാന അര്‍ബുദങ്ങള്‍. ലോക ക്യാന്‍സര്‍ ദിനത്തില്‍, ക്യാന്‍സറില്ലാത്ത ആരോഗ്യകരവും തിളക്കമാര്‍ന്നതുമായ ഒരു ലോകം കൈവരിക്കാനുള്ള അജണ്ടയുമായി എല്ലാവരും ഒത്തുചേരുന്നു. ഈ ദിനത്തില്‍, നിരവധി പരിപാടികളാണ് ലോകമെമ്പാടും ആസൂത്രണം ചെയ്തിട്ടുള്ളത്. അര്‍ബുദത്തെക്കുറിച്ചും അത് നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും മറ്റും ആളുകളെ ബോധവല്‍ക്കരിക്കാനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നു.

Post a Comment

0Comments
Post a Comment (0)