
അവര്‍ പുതിയ കാട്ടിലേക്ക് പലായനം ചെയ്ത് വന്നതായിരുന്നു. കുരങ്ങന്‍മാരുടെ നേതാവ് അവര്‍ക്ക് മുന്നറിയിപ്പുനല്‍കി. ഇവിടെ ധാരാളം വിഷഫലങ്ങളും ഭൂതങ്ങള്‍ ഉളള കുളങ്ങളുമുണ്ട്. എന്റെ നിര്‍ദ്ദേശമില്ലാതെ പരിചയമില്ലാത്ത ഫലങ്ങള്‍ കഴിക്കുകയോ, പരിചയമില്ലാത്ത കുളത്തില്‍ നിന്നും വെള്ളം കുടിക്കുകയോ ചെയ്യരുത്. അവര്‍ തലയാട്ടി. ഒരു ദിവസം പരിചയമില്ലാത്ത കുളം അവരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ നേതാവിനോട് കാര്യം പറഞ്ഞു. നേതാവ് ആ കുളത്തിനെ ആകെ വീക്ഷിച്ചു. എന്നിട്ട് അനുയായികളോട് പറഞ്ഞു: ഇവിടെ ധാരാളം മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ ഉണ്ട്. പക്ഷേ, അവയെല്ലാം ഈ കുളത്തിലേക്ക് ഇറങ്ങിപ്പോയതല്ലാതെ, തിരിച്ചുകയറിയതായി കാണുന്നില്ല. അതിനാല്‍ ഈ കുളത്തില്‍ ഭൂതമുണ്ട്. ഇത് കേട്ട് ഉടന്‍ ഭൂതം പ്രത്യക്ഷപ്പെട്ടു. നിങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാത്തതുകൊണ്ട് ഉറപ്പായും ഞാന്‍ നിങ്ങളെ വിഴുങ്ങും. ഇത് കേട്ട് നേതാവ് അടുത്തുളള മുളംകാട്ടില്‍ നിന്നും മുളം തണ്ട് ഒടിച്ചെടുത്ത് കുളത്തിലേക്കിട്ട് വെള്ളം അതിലൂടെ കുടിച്ചു. മററുള്ളവരും അത് ആവര്‍ത്തിച്ചു. കണ്ടറിഞ്ഞു കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഒരു നേതാവിന്റെ ഗുണം. അവര്‍ എന്തിലും മുന്‍പന്തിയില്‍ നില്‍ക്കും. ദുര്യോഗങ്ങള്‍ മുന്‍കൂട്ടി കാണും. ഇനി അരുതാത്തത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും. ഏത് പ്രതിസന്ധിയിലും അവര്‍ പ്രതിവിധികള്‍ കണ്ടെത്തും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറാനും മററുളളവരെ മാററിയെടുക്കാനും അവര്‍ക്ക് കഴിയും.. ഇവരാണ് യഥാര്‍ത്ഥമാര്‍ഗദര്‍ശികള്‍.. ഇവരെ നമുക്ക് കൂടെ ചേര്‍ക്കാം - ശുഭദിനം.
കവിത കണ്ണന്‍