
കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ് ഹെൻറി കാവൻഡിഷ് .(ഒക്ടോബർ 10, 1731 - ഫെബ്രുവരി 24, 1810). വൈദ്യുതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാലപഠനങ്ങളും പ്രശസ്തമാണ്.
കാവൻഡിഷിന് ശാസ്ത്രഗവേഷണം ഒരു ജോലിയായിരുന്നില്ല. പേരും പെരുമയും അദ്ദേഹം ഇഷ്ടപ്പെട്ടുമില്ല. ആത്മസംതൃപ്തി മാത്രം ലക്ഷ്യമാക്കി അദ്ദേഹം ഗവേഷണങ്ങളിൽ മുഴുകി. സ്വന്തം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധികരിക്കാനും അദ്ദേഹം താത്പര്യം കാണിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിലപ്പെട്ട കണ്ടുപിടിത്തങ്ങൾ പലതും പുറലോകമറിഞ്ഞത് വർഷങ്ങൾ കഴിഞ്ഞാണ്. സ്കൂളിൽ പോവാതെ വീട്ടിലിരുന്നായിരുന്നു ഹെൻറിയുടെ പ്രാഥമിക വിദ്യഭ്യാസം. 1749-ൽ കേംബ്രിജിലെ പീറ്റർ ഹൗസ് കോളേജിൽ ചേർന്നെങ്കിലും ബിരുദമെടുക്കും മുമ്പ് പഠനം അവസാനിപ്പിച്ചു. സഹോദരനുമൊത്ത് യൂറോപ്പിൽ ചുറ്റിക്കറങ്ങിയ ഹെൻറി ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.
രസതന്ത്രവും ഗണിതവും ഭൗതികശാസ്ത്രവുമായിരുന്നു കാവൻഡിഷിൻ്റെ പ്രിയവിഷയങൾ. ശാസ്ത്രജ്ഞരുടെ സമിതിയായ റോയൽ സൊസൈറ്റിയിൽ 1760 മുതൽ തന്റെ അവസാനകാലം വരെ അഗംമായിരുന്നു. സൊസൈറ്റി അവതരിപ്പിച്ച പ്രബന്ധങ്ങളിലൂടെയാണ് കാവൻഡിഷിൻ്റെ കണ്ടെത്തലുകളിൽ ചിലത് പുറത്തുവന്നത്.