
ടൈംപീസിലെ രണ്ടുസൂചികള്‍ തമ്മില്‍ സംസാരിക്കുയായിരുന്നു. ചെറിയ സൂചി വലിയ സൂചിയോട് പറഞ്ഞു: ഒരു വിശ്രമമില്ലാത്ത ജീവിതമായിപ്പോയല്ലോ നമ്മുടെ, ഓടിയോടി മടുത്തു.. വലിയ സൂചി ഇത് ശരിവെച്ചു: ശരിയാണ്,.ഇവിടെയുള്ള എല്ലാവര്‍ക്കും വിശ്രമിക്കാന്‍ സമയമുണ്ട്.. എന്തിന് ഈ വീട്ടിലെ പട്ടിയും പൂച്ചയും വരെ വിശ്രമിക്കുന്നു.. നമുക്ക് മാത്രം വിശ്രമമില്ല. ചെറിയസൂചി പറഞ്ഞു: നമുക്കും ഒന്ന് വിശ്രമിച്ചാലോ? കുറെയായില്ലേ ഓടുന്നു.. അങ്ങനെ രണ്ടുപേരും ചേര്‍ന്ന് വിശ്രമിക്കാന്‍ തീരുമാനമെടുത്തു. രാവിലെ ഉടമസ്ഥന്‍ വന്ന് നോക്കിയപ്പോള്‍ രണ്ടുസൂചികളും ഓടാതെ നില്‍ക്കുന്നു. അയാള്‍ ബാറ്ററിമാറ്റി നോക്കി. കീ കൊടുത്തുനോക്കി.. ഒരു രക്ഷയുമില്ല. അയാള്‍ ആ ടൈംപീസിനെ അടുത്തുള്ള കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു.. അപ്പോഴാണ് തങ്ങളുടെ ദുരവസ്ഥ അവര്‍ തിരിച്ചറിഞ്ഞത്. ഓരോരുത്തര്‍ക്കും ഓരോ നിയോഗങ്ങളും പ്രവര്‍ത്തനമേഖലകളുമുണ്ട്. മറ്റുളളവരുടേതുമായി താരതമ്യം ചെയ്ത് അവയെ വിലയിരുത്താനോ അളക്കാനാ സാധിക്കുകയില്ല. അപരനെ നോക്കി പണിയെടുക്കുകയും പ്രവര്‍ത്തനനിരതരാകുകയും ചെയ്യുന്നവര്‍ക്ക് സംതൃപ്തിയോ സമാധാനമോ ഉണ്ടാകില്ല. സ്വന്തം കര്‍മ്മശേഷി നിലക്കാനുളള സാധ്യതകളും സാഹചര്യങ്ങളും ചുററിനുമുണ്ടാകും. അവയെ പ്രതിരോധിക്കാനാകും വിധം സ്വയം പ്രചോദിപ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
കവിത കണ്ണന്‍