കേരളത്തിലെ പ്രശസ്തയായ ഒരു അഭിഭാഷകയും സാമൂഹിക പ്രവർത്തകയും ആയിരുന്നു ജസ്റ്റിസ് ഡി.ശ്രീദേവി (1939-2018). രണ്ടു തവണ കേരളാ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയിരുന്നു. 2018 മാർച്ച് 5 ന് അന്തരിച്ചു.
പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. വ്യാസൻ പോറ്റിയുടെ ജൂനിയറായി 1962ൽ തിരുവനന്തപുരത്ത് വക്കീലായി സേവനം ആരംഭിച്ച അവർ 1971ൽ കൊട്ടാരക്കരയിൽ മുൻസിഫായി നിയമിതയായതോടെ നീതിന്യായ മേഖലയിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
സംസ്ഥാനത്ത് ആദ്യമായി കുടുംബ കോടതി രൂപീകരിച്ചപ്പോൾ അതിന്റെ ന്യായാധിപ പദവിയിലേക്ക് അന്നത്തെ ചീഫ് ജസ്റ്റിസ് വി.എസ്. മളീമഠ് ജസ്റ്റിസ് ശ്രീദേവിയുടെ പേര് നിർദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ സെഷൻസ് ജഡ്ജ് ആയിരിക്കെ, 1992-ൽ അവർ കുടുംബ കോടതിയിൽ ജഡ്ജ് ആയി നിയമിക്കപ്പെട്ടു. വിവാഹ മോചനത്തിന് രജിസ്റ്റർ ചെയ്ത നൂറ് ദമ്പതികളെ അനുരഞ്ജനത്തിലൂടെ യോജിപ്പിച്ചത് അവരുടെ നീതി നിർവ്വഹണ രംഗത്തെ കഴിവിന്റെ ഉത്തമ ഉദാഹരണമായിരുന്നു. ആ കുടുംബങ്ങൾ യോജിപ്പോടെ കഴിയുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി ഒരു വർഷത്തിന് ശേഷം ദമ്പതികൾക്കായി ശില്പശാലയും സംഘടിപ്പിച്ചു.