സഹോദരന്‍ അയ്യപ്പന്റെ ഓർമ്മദിനം

GJBSNMGL
0
കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ശ്രദ്ധേയനാണ് സഹോദരന്‍ അയ്യപ്പന്‍. ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 1889 ഓഗസ്റ്റ് 22ന് എറണാകുളം ജില്ലയിലെ ചെറായിയിലായിരുന്നു ജനനം. ഓജസ്സു നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വര്‍ഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിച്ച ഒരു നവോത്ഥാനനായകന്‍ കൂടിയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദര്‍ശനത്തെ, ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു സഹോദരന്‍ അയ്യപ്പന്‍.
സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ, സന്ധിയില്ലാ സമരം ചെയ്ത അദ്ദേഹം, ശ്രീ നാരായണഗുരുവിന്റെ ആശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കാണിച്ചു. ശ്രീ നാരായണഗുരുവിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ എന്ന പ്രശസ്തമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്, എന്ന് അദ്ദേഹം ഭേദഗതി വരുത്തി.
ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് പൂര്‍ണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അദ്ദേഹം ആരാധിച്ചിരുന്നു.
1917-ലാണ് സഹോദരന്‍ അയ്യപ്പന്‍ സഹോദര സംഘം സ്ഥാപിച്ചത്. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ‘സഹോദര പ്രസ്ഥാനം’ വഴി അയ്യപ്പന്‍ കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരന്‍ അയ്യപ്പന്‍ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്. 1968 മാര്‍ച്ച് ആറിന് സഹോദരന്‍ അയ്യപ്പന്‍ അന്തരിച്ചു.

Post a Comment

0Comments
Post a Comment (0)