
രണ്ടു പക്ഷികള്‍ കടലിനരികില്‍ കൂട് കൂട്ടിയിരുന്നു. വേലിയേറ്റസമയത്ത് കടലില്‍ ആ കൂടുകള്‍ മുങ്ങിപ്പോയി. ആ കൂടിരുന്നിടത്ത് അവശേഷിച്ച മണല്‍ അതിലെ ഒരു പക്ഷി തന്റെ ചിറകില്‍ കോരിയെടുത്ത് കടലിലേക്കിട്ടു. എന്നിട്ട് തന്റെ കൊക്കില്‍ വെള്ളമെടുത്ത് കൂടിരുന്നിടത്തേക്ക് ഒഴിച്ചു. ഇത് പലയാവര്‍ത്തി ചെയ്യുന്നത് കണ്ട് രണ്ടാമത്തെ പക്ഷി ചോദിച്ചു: നീ എന്താണീ ചെയ്യുന്നത്? ആദ്യത്തെ പക്ഷി പറഞ്ഞു: എന്റെ കൂട് ഈ കടല്‍ നശിപ്പിച്ചു. ഞാന്‍ ഈ കടലിനെ വറ്റിക്കും. എന്നിട്ട് കരയെ കടലാക്കും. രണ്ടാമത്തെ പക്ഷി പറഞ്ഞു: ഒരു കൂട് പോയാല്‍ മറ്റൊരു കൂട് ഉണ്ടാക്കാം. എന്നാല്‍ ജീവന്‍ പോയാല്‍ പിന്നെ ഒന്നും തിരിച്ചുപിടിക്കാനാകില്ല.. എതിരാളികളെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആ എതിരാളി നശീകരണശേഷിയുള്ളയാളാണോ, പുനരുജ്ജീവനശേഷിയുള്ള ആളാണോ.. ഈ മത്സരത്തില്‍ ജയിച്ചാല്‍ എനിക്കെന്തുലഭിക്കും, ജയിക്കുമ്പോഴുളള ലാഭത്തേക്കാള്‍ വലുതാണോ ജയിക്കാന്‍ വേണ്ടിവരുത്തുന്ന നഷ്ടങ്ങള്‍... എല്ലാവരോടും മത്സരിക്കേണ്ടതില്ല. എതിരെ വരുന്നവരെല്ലാം എതിരാളികളാകണമെന്നും ഇല്ല. അവരില്‍ പലരും അവരുടെ സ്ഥിരവഴികളിലൂടെ യാത്രചെയ്യുന്നവരായിരിക്കും. അവരുടെ സഞ്ചാരപഥത്തിലേക്ക് നാം വന്നുകയറിയപ്പോള്‍ നമുക്ക് പരിക്കേറ്റതായിരിക്കാം.. കലിതുള്ളുന്നവരുടെ അതിവൈകാരികതയ്ക്ക് വിവേകമാകട്ടെ നമ്മുടെ മറുപടി - ശുഭദിനം.
കവിത കണ്ണന്‍