പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി (23 ജൂൺ 1941 - 11 മേയ് 2021 ). 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.
1983-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഇദ്ദേഹത്തിന് മഹാപ്രസ്ഥാനം എന്ന നോവലിനു ലഭിച്ചു. പ്രശസ്ത മലയാളചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.
. നമ്പൂതിരി സമുദായത്തിലെ സ്മാർത്ഥവിചാരം എന്ന ആചാരത്തെ ആസ്പദമാക്കിയ ദൃഷ്ട് എന്ന ഒറ്റ നോവലിലൂടെ തന്നെ വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയ സാഹിത്യകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടൻ. ഇതിന് പുറമെ, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നീ നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.