ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവകരമായ ഒരു കണ്ടുപിടിത്തമായിരുന്നു കമ്പ്യൂട്ടറുകളെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലെയും സ്പര്‍ശിച്ചു കൊണ്ട് അതിവേഗത്തിലുള്ള നവീകരണത്തിന്റെ പാതയിലാണ് കമ്പ്യൂട്ടര്‍ സയന്‍സ്. മനുഷ്യമനസ്സിനെ ഒരു യന്ത്രത്തിലേയ്ക്ക് പകര്‍ത്താമോ, അതിനെ മനുഷ്യബുദ്ധിക്കു സമാനമായ കഴിവുള്ളതാക്കിമാറ്റാമോ എന്ന അന്വേഷണത്തിന്റെ ആദ്യത്തെ വിജയകരമായ ഉത്തരങ്ങളാണ് കമ്പ്യൂട്ടറുകളായി നമ്മുടെ ജീവിതത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഈ അന്വേഷണത്തിന്റെ ചരിത്രം അന്വേഷിക്കുന്ന ആര്‍ക്കും അലന്‍ ട്യൂറിങ്ങ് എന്ന അസാമാന്യ ശാസ്ത്രപ്രതിഭയെ മറക്കാനാവില്ല. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞന്‍, കമ്പ്യൂട്ടര്‍സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ പിതാവ്, രണ്ടാംലോക മഹായുദ്ധകാലത്തെ രഹസ്യസന്ദേശങ്ങളെ മനസ്സിലാക്കിയെടുത്ത് ചരിത്രത്തെ സ്വാധീനിച്ച വ്യക്തി എന്നിങ്ങനെ പല മേഖലകളില്‍ ഒരേസമയം കഴിവ് തെളിയിക്കുകയും അതേ സമയം വിധിയുടെ ക്രൂരതയില്‍ നാല്‍പത്തൊന്നാം വയസ്സില്‍ ജീവനൊടുക്കേണ്ടിയും വന്ന പ്രതിഭയാണ് അദ്ദേഹം
1912 ജൂണ്‍ 23 നാണ് അലന്‍ ട്യൂറിങ്ങ് ജനിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ മദ്രാസ് റെയില്‍വെയില്‍ ചീഫ് എന്‍ജിനിയറായിരുന്ന ജൂലിയസ് മാത്തിസന്റെയും ഈതല്‍ സാറാ ട്യൂറിങ്ങിന്റെയും രണ്ടാമത്തെയും അവസാനത്തെയും പുത്രനായിരുന്നു ട്യൂറിങ്ങ്. അദ്ദേഹം വികസിപ്പിച്ച ടൂറിങ് യന്ത്രത്തിന്റെ(Turing Machine) ചുവടുപിടിച്ചാണ് കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായി അറിയപ്പെടുന്നു.