വായന എന്തിന്? വായനയുടെ വിശേഷങ്ങൾ

GJBSNMGL
0
മാറ്റങ്ങളുടെ ചാലകശക്തിയും മനസ്സിന്റെ ആഹാരവുമാണ് വായന. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നു. ' ലോകം കൈയിലെടുത്ത് അമ്മാനമാടിയ നെപ്പോളിയൻ ബോണപാർട്ടും ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയും സ്വതന്ത്ര ഭാരതത്തിന്റെ പിതൃപദവിയിലെത്തിയ മഹാത്മാ ഗാന്ധിയും ഇന്ത്യയെ വീണ്ടെടുക്കുന്നതിന് സൈദ്ധാന്തികമായും ബൗദ്ധികമായും വലിയ സംഭാവനകൾ നൽകിയ സ്വാമി വിവേകാനന്ദനും അംബേദ്കറും നെഹ്റുവും അബുൽ കലാം ആസാദുമെല്ലാം പരന്ന വായനക്കാരായിരുന്നു.

ഏതൊരു രാജ്യത്തിന്റെയും സാംസ്കാരിക പൈതൃകവും രാഷ്ട്രീയമുന്നേറ്റവും രൂപപ്പെടുത്തുന്നതും അടയാളപ്പെടുത്തുന്നതും വായനയും വിജ്ഞാനവുമാണ്. തുരുമ്പെടുക്കുന്ന മനുഷ്യചിന്തകളെ അത് ജ്വലിപ്പിക്കുകയും ജീവസുറ്റതാക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സംസ്‌കാര നിര്‍മിതിയിലും സാമൂഹിക നിലപാട് രൂപവത്കരണത്തിലും വായനക്ക് അനിര്‍വചനീയ സ്ഥാനമുണ്ട്. ആകയാൽ അക്ഷരങ്ങള്‍ കഥ പറയുന്ന തെരുവുകളും വിശാലമായ ഗ്രന്ഥശേഖരങ്ങളും പല രാജ്യങ്ങളിലും ഉടലെടുത്തു. നാഗരികതയുടെ ഈറ്റില്ലമായ നളന്ദയിലും തക്ഷശിലയിലും ബഗ്ദാദിലും ദമസ്‌കസിലുമെല്ലാം അക്കാലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറികള്‍ ഉണ്ടായിരുന്നെന്ന് ചരിത്രരേഖകളിൽ കാണാം. അറേബ്യൻ പാശ്ചാത്യ നാഗരികതയും ഈജിപ്ഷ്യൻ ഭാരതീയ സംസ്കാരങ്ങളും യൂറോപ്യൻ വിജ്ഞാന വിസ്ഫോടനവുമെല്ലാം സാധ്യമായതിൽ വായനക്ക് വലിയ പങ്കുണ്ട്.

ശാരീരികോന്മേഷത്തിന് വ്യായാമം അനിവാര്യമാകുന്നതുപോലെ മനസ്സിന്റെ ഉണർവിനും ഉന്മേഷത്തിനും വ്യായാമം വേണം. മനസ്സിനു നല്‍കാവുന്ന ഏറ്റവും ഉത്തമമായ വ്യായാമമാണ് വായന. വായന മനസ്സിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചവും അനുഭവങ്ങളും ആശയങ്ങളും സന്നിവേശിപ്പിക്കുകയും അതുവഴി മനസ്സിന് ആനന്ദവും ആസ്വാദനവും ലഭിക്കുകയും ഹൃദയത്തിന് വിശാലതയുണ്ടാവുകയും ചെയ്യുന്നു.

വായനാശീലം ഒരു സർഗസിദ്ധിയാണ്. ഇത് വളർത്തിയെടുക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ ചെറുപ്രായത്തിലേ ആരംഭിക്കേണ്ടതുണ്ട്. എങ്കിൽ ഏതു പ്രായത്തിലും അത് നിലനില്‍ക്കും. കുഞ്ഞുനാൾ മുതൽ മൂല്യമുള്ള കഥകളും പാട്ടുകളും കേട്ടുറങ്ങുന്ന കുട്ടികളിൽ വായനാശീലം വളരുമെന്ന് പഠനങ്ങൾ പറയുന്നു.

ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനം. "വായനക്കാരന് അനേകം ജീവിതങ്ങൾ ലഭിക്കുന്നുവെന്നാണ് " പ്രമുഖ ചിന്തകൻ ജോര്‍ജ് ആര്‍ മാര്‍ട്ടിന്റെ വിലയിരുത്തൽ.

ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് യാഥാർഥ്യം. സോഷ്യൽ മീഡിയയുടെ വരവോടെ വായനയുടെ രൂപവും ഭാവവും മാറിയിട്ടുണ്ട്. വായന വളരട്ടെ ... മനുഷ്യത്വം പുലരട്ടെ ... ജാതി മത വർഗ്ഗ ചിന്തകൾ അകലട്ടെ ... വായനദിനാശംസകൾ

Post a Comment

0Comments
Post a Comment (0)