ഒ.വി വിജയന്റെ ജന്മദിനം

GJBSNMGL
0
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാള സാഹിത്യത്തില്‍ പകരക്കാരില്ലാത്ത ഇതിഹാസകാരനായി. ആനന്ദ്, എം മുകുന്ദന്‍, കാക്കനാടന്‍ എന്നിവരുടെ സമകാലികനായാണ് ഒ.വി വിജയന്‍ സാഹിത്യരംഗത്തേക്ക് എത്തിയത്. ഒരു ഭൂമികയില്‍ തന്നെ നിലയുറപ്പിക്കാതെ മനുഷ്യമനസ്സുകളിലേക്കും സമൂഹത്തിലേക്കും ഒരുപോലെ കണ്ണുനട്ട് അവിടുന്ന് ആര്‍ജ്ജിച്ചെടുത്ത സംഭവങ്ങളെ തന്മയത്വത്തോടെ ആവിഷ്‌ക്കരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചത്. ജൂലൈ രണ്ടിന് അദ്ദേഹത്തിന്റെ ഒരു ജന്മദിനം കൂടി കടന്നുപോകുമ്പോള്‍ മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാതെ വയ്യ.

മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ കഥകളിലെല്ലാം തന്നെ മനുഷ്യജീവിതത്തിലെ എക്കാലത്തെയും സന്ദിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ കഥകളിലും വേറിട്ട ആഖ്യാന സവിശേഷത ദര്‍ശിക്കാം.

കഥാരചനയില്‍ നിന്നും നോവല്‍ രചനയിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തപ്പെടുന്നത്. നോവല്‍ സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേയ്ക്ക് ഉയര്‍ത്തിയ കാലാതിവര്‍ത്തിയായ ഈ നോവല്‍ മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു. മലയാളനോവല്‍ സാഹിത്യചരിത്രത്തെ രണ്ടായി പകുത്തെടുത്ത കൃതിയായിരുന്നു ഖസാക്കിന്റെ ഇതിഹാസം. നോവല്‍സാഹിത്യം ഖസാക്കിന് മുമ്പും ഖസാക്കിന് ശേഷവും എന്ന് നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. പില്‍ക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്ത നോവലാണ് ഖസാക്കിന്റെ ഇതിഹാസം.

പിന്നീടെഴുതിയ ഗുരുസാഗരം, തലമുറകള്‍, പ്രവാചകന്റെ വഴി എന്നീ നോവലുകളിലെല്ലാം തന്നെ വ്യക്തിയും സമൂഹവും അനുഭവിക്കുന്ന മഹാ വ്യസനത്തെക്കുറിച്ചുള്ള ദര്‍ശനങ്ങളും മനുഷ്യാവബോധത്തിന്റെ ചലനങ്ങളുമാണ് കാണാന്‍ കഴിയുന്നത്. ഈ നോവലുകളിലൂടെ ഒ.വി വിജയന്‍ പുതിയൊരു വായനാനുഭവമാണ് സാഹിത്യലോകത്തിന് തുറന്നുകൊടുത്തത്. ആരെയും കൂസാതെ എന്തും തുറന്നെഴുതാന്‍ ധൈര്യം കാട്ടിയ, മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയുമാണ് ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ വിജയനെ പ്രശസ്തനാക്കിയത്.

സാഹിത്യലോകത്തിന് അനശ്വരമായ അനവധി കൃതികള്‍ സമ്മാനിച്ച ഒ.വി വിജയനെത്തേടി കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, പത്മശ്രീ തുടങ്ങി നിരവധി ബഹുമതികളെത്തി. 2003ല്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമില്‍നിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.

Post a Comment

0Comments
Post a Comment (0)