ഹോവാർഡ് ഗാർഡ്നറുടെ ജന്മദിനം

GJBSNMGL
1 minute read
0
പ്രശസ്തനായ അമേരിക്കൻ മനശാസ്ത്രജ്ഞനാണ് ഹോവാർഡ് ഗാർഡ്നർ (ഹോവാർഡ് ഏൾ ഗാർഡ്നർ എന്ന് മുഴുവൻ പേര് — ജനനം:ജൂലൈ 11, 1943) നിലവിൽ ഹാർവാർഡ് സർവകലാശാലയുടെ സീറോ എന്ന പേരിലുള്ള പ്രൊജക്റ്റിൻ്റെ സീനിയർ ഡയറക്ടറാണ് ഇദ്ദേഹം. ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിലൂടെയാണ് ഇദ്ദേഹം ലോക പ്രശസ്തമായത്.

നൂറിലേറെ ഗവേഷണ പ്രബന്ധങ്ങൾ ഗാർഡ്നർ എഴുതിയിട്ടുണ്ട് കൂടാതെ 30 പുസ്തകങ്ങളും എഴുതി. ഇവ 30 ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1983ൽ പ്രസിദ്ധീകരിച്ച ഫ്രൈംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം അദ്ദേഹം വിശദീകരിച്ചത്.

2000 ത്തിൽ ഗാർഡ്നർ , ക്വർട്ട് ഫിഷർ എന്നിവരോടൊപ്പം സഹപാഠികളും ചേർന്ന് ഹാർവാർഡ് ഗ്രാജ്വേറ്റ് സ്കൂളിൽ 'മനസ്സ് , ബുദ്ധി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സിന് തുടക്കംകുറിച്ചു. ലോകത്തു തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു കോഴ്സിൻ്റെ ആരംഭം. 2004 മുതൽ മനസ്സ്, ബുദ്ധി എന്നീ വിഷയങ്ങളിൽ പുസ്തക പ്രസിദ്ധീകരണവും എഴുത്തും സജീവമായി തുടരുന്നു.
ഗണിത ശേഷികൾ ഭാഷകൾ യുക്തിചിന്ത എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്നവരെ ബുദ്ധിമാന്മാരായി വിവക്ഷിക്കാറുണ്ട്. എന്നാൽ മറ്റു പല കഴിവുകൾ ഉള്ളവരും സമൂഹത്തിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് 1983 ഹോവാർഡ് ഗാർഡ്നർ എന്ന വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ ബഹുമുഖ ബുദ്ധി ശക്തി എന്ന സിദ്ധാന്തം ആവിഷ്കരിച്ചത്. പ്രത്യുൽപാദനപരമായ ചിന്തയുടെ അഭാവത്തിൽ ബുദ്ധിയെ പറ്റി പറയുന്നത് അർത്ഥമില്ലെന്നും ബുദ്ധി എന്നത് പല സ്വതന്ത്ര ഘടകങ്ങൾ ഉൾപ്പെട്ടതാണ് എന്നും അദ്ദേഹം സിദ്ധാന്തിച്ചു.
ബുദ്ധിയെ സംബന്ധിച്ച് അനവധി സിദ്ധാന്തങ്ങൾ പല കാലങ്ങളിലായി മുന്നോട്ടു വെക്കപ്പെട്ടിട്ടുണ്ട് . ബുദ്ധി ഏകാത്മകമാണ് എന്ന അഭിപ്രായമാണ് സ്പിയർമാന് ഉണ്ടായിരുന്നത്. വ്യത്യസ്തമായ ഏഴുതരം ഘടകങ്ങൾ ചേർന്നതാണ് ബുദ്ധിയെന്ന അഭിപ്രായക്കാരനായിരുന്നു തേഴ്സ്റ്റൺ. മൂന്നുതരത്തിൽ പെട്ട ബുദ്ധിയെ കുറിച്ചായിരുന്നു സ്റ്റേൺബർഗ് സിദ്ധാന്തിച്ചത്. മനുഷ്യന്റെ ബുദ്ധി ബഹുമുഖമാണെന്ന അഭിപ്രായക്കാരനായിരുന്നു ജ്ഞാതൃവാദിയായ ഗാർഡ്നർ. മസ്തിഷ്കാഘാതം സംഭവിച്ചവർ, പ്രതിഭാശാലികൾ, പ്രത്യേക മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവർ ​എന്നിവരടക്കം നൂറു കണക്കിനാളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡ്നർ ഈ നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൗദ്ധികശേഷികളാണ് ഉള്ളത്.
  • ഭാഷാപരമായ ബുദ്ധി
  • യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
  • ദൃശ്യ - സ്ഥലപരമായ ബുദ്ധി
  • ശാരീരിക - ചലനപരമായ ബുദ്ധി
  • സംഗീതപരമായ ബുദ്ധി
  • വ്യക്ത്യാന്തര ബുദ്ധി
  • ആന്തരിക വൈയക്തിക ബുദ്ധി
  • പ്രകൃതിപരമായ ബുദ്ധി
  • അസ്തിത്വപരമായ ബുദ്ധി

Post a Comment

0Comments
Post a Comment (0)