മൈക്കൽ എല്ലിസിന്റെ ഓർമദിനം

GJBSNMGL
1 minute read
0
മൈക്കൽ എല്ലിസ് ഡിബാക്കി ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ അമേരിക്കൻ ഭിഷഗ്വരനായിരുന്നു. ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുന്നത്. ഇദ്ദേഹം നിർമിച്ച റോളർ പമ്പാണ് ഇന്നും ബൈപ്പാസ് ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന ഹാർട്ട്-ലങ് മെഷീന്റെ ഒരു അനിവാര്യ ഘടകം. ശസ്ത്രക്രിയയുടെ സമയത്ത് ഹൃദയത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ച് പകരം റോളർ പമ്പ് ഘടിപ്പിച്ച ഹാർട്ട്-ലങ് മെഷീൻ പ്രവർത്തിപ്പിക്കാനായത് ഹൃദയ ശസ്ത്രക്രിയാ രംഗത്തെ വഴിത്തിരിവായി മാറി.

കഴുത്തിലെ കരോറ്റിഡ് ആർട്ടറിയിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കം ചെയ്യാൻ 1953-ൽ ഡിബാക്കി നടത്തിയ ശസ്ത്രക്രിയ പക്ഷാഘാതത്തിനുളള ആധുനിക ശസ്ത്രക്രിയയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്. അടഞ്ഞുപോയ ഹൃദയ ധമനിക്ക് പകരം രോഗിയുടെ കാലിൽ നിന്നു മുറിച്ചെടുത്ത രക്തക്കുഴൽ സ്ഥാപിച്ച് ഡിബാക്കി നടത്തിയ ബൈപ്പാസ് ശസ്ത്രക്രിയ ചരിത്ര സംഭവമായി. 1965-ൽ ഡിബാക്കി നടത്തിയ ഹൃദയം തുറന്നുളള ഒരു ശസ്ത്രക്രിയ ടെലിവിഷനിലൂടെ ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്തത് വിസ്മയജനകമായിരുന്നു.

കൃത്രിമ ഹൃദയം വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചതും ഡിബാക്കിയാണ്. 1967-ൽ ഇദ്ദേഹം ഒരു കൃത്രിമ ഹൃദയ പമ്പ് ഒരു രോഗിയുടെ ഹൃദയത്തിൽ സ്ഥാപിച്ചു. ഡാക്രോൺ ട്യൂബുകളുപയോഗിച്ച് ആദ്യമായി കൃത്രിമ രക്തക്കുഴലുണ്ടാക്കിയതും ഇദ്ദേഹം തന്നെ. ക്രിസ്ത്യൻ ബർണാഡിന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും (1967) ഒരു പടി മുന്നിലായി 1970 കളിൽ ഒന്നിലധികം അവയവങ്ങൾ മാറ്റിവയ്ക്കുന്ന (Multiple transplant) ശസ്ത്രക്രിയ നടത്തി ഡിബാക്കി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഒരു മനുഷ്യന്റെ ഹൃദയം, രണ്ടു വൃക്കകൾ, ശ്വാസകോശം എന്നിവ നാലു പേരിലേക്ക് പറിച്ചു നടുകയാണ് ഇദ്ദേഹം ചെയ്തത്. ലോകത്തെ ആദ്യ ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റ് (യു.എസ്.) സ്ഥാപിച്ചതും ഇദ്ദേഹമാണ്.

Post a Comment

0Comments
Post a Comment (0)