മേനച്ചേരി പൗലോസ് പോൾ എന്ന എം.പി. പോൾ (മേയ് 1, 1904 - ജൂലൈ 12, 1952) മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകനായിരുന്നു. മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചു.
എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻകൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവൻ സഭയുടെ എതിർപ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം.
നോവൽ സാഹിത്യം,ചെറുകഥാപ്രസ്ഥാനം,സൗന്ദര്യത്തിന്റെ അടിസ്ഥാനം,ചിത്രകലയും കാവ്യകലയും, സാഹിത്യവിചാരം എന്നിവയാണ് പ്രധാന കൃതികൾ