ലോക ആത്മഹത്യാ പ്രതിരോധ ദിനം

GJBSNMGL
0
സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. വർധിച്ചുവരുന്ന ആത്മഹത്യകൾ ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലോകവ്യാപകമായി നോക്കുമ്പോൾ മരണത്തിന്റെ പ്രധാനപ്പെട്ട 20 കാരണങ്ങളിൽ ഒന്ന് ആത്മഹത്യയാണ്. ഒരു വർഷം എട്ടു ലക്ഷം മരണങ്ങൾ ആത്മഹത്യ കൊണ്ട് സംഭവിക്കുന്നുണ്ട്. ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ സംഭവിക്കുന്നു എന്നർത്ഥം. ആത്മഹത്യാ ചിന്തകളെയും ആത്മഹത്യാശ്രമങ്ങളെയും പൂർത്തീകരിക്കപ്പെട്ട ആത്മഹത്യകളെ കുറിച്ചുള്ള കണക്കുകൾക്കൊപ്പം തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടിവരും. സംഭവിക്കുന്ന ഓരോ ആത്മഹത്യക്കും ഒപ്പം ഇരുപതിലധികം ആളുകള്‍ ആത്മഹത്യാ ശ്രമം നടത്തുന്നു എന്നാണ് കണക്ക്. അതിലും എത്രയോ കൂടുതൽ ആളുകൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായിരിക്കുകയും ചെയ്യും. മുമ്പ് ആത്മഹത്യാശ്രമം നടത്തിയ ആളുകൾ പിന്നീടുള്ള അവസരങ്ങളിൽ അത് പൂർത്തീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല ആത്മഹത്യാ ചിന്തകൾ ഉള്ള വ്യക്തികൾ മിക്കപ്പോഴും ഇത്തരം ചിന്തകളെയും പ്രശ്നങ്ങളെയും കുറിച്ച് തങ്ങളുടെ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകൾ ഒരു സാമ്പ്രദായിക ചികിത്സാ സംവിധാനത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ഒരു സമൂഹമെന്ന നിലയിൽ ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ച് അറിവു നേടുകയും അത്തരം പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളോട് ഇടപെടേണ്ട രീതികളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ആത്മഹത്യാ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ആയിരിക്കും അത്. ആത്മഹത്യാ പ്രതിരോധത്തിനായി കൂട്ടായി പ്രവർത്തിക്കണം എന്ന പ്രമേയത്തിന്റെ പ്രായോഗിക അർഥവും ഇതുതന്നെയാണ്. ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം. ഒരു സുഹൃത്തായും സഹപ്രവർത്തകനായും അധ്യാപകനായും രക്ഷിതാവായും ആരോഗ്യ പ്രവർത്തകനായും അയൽക്കാരനുമായുമെല്ലാം ഒരു വ്യക്തിക്ക് മറ്റൊരാളെ സഹായിക്കാൻ സാധിക്കുന്ന ഒരു സന്ദർഭമാണിത്. അത്തരമൊരു ഇടപെടലിന് സന്നദ്ധമാവുക എന്നത് നിലവിലത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ ഇടപെടണമെങ്കിൽ ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളെക്കുറിച്ച് പ്രാഥമികമായ ഒരു ധാരണ ഉണ്ടാകേണ്ടതുണ്ട്. ഇടപെടൽ രീതികളുമായി ബന്ധപ്പെട്ട ശേഷികൾ ആർജ്ജിക്കുകയും വേണം.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)