കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളം കണ്ട ഏറ്റവും ശ്രദ്ധേയനായ ഹാസ്യ സാഹിത്യകാരൻ സഞ്ജയൻ്റെ ചരമവാർഷികദിനമാണ് സെപ്റ്റംബർ 13. മഹാഭാരതയുദ്ധ വിവരങ്ങൾ അന്ധനായ ധൃതരാഷ്ട്രരെ യഥാസമയം അറിയിക്കുന്ന ഇതിഹാസ കഥാപാത്രമാണ് സഞ്ജയൻ. ഈ പേരാണ് മൂർക്കോത്ത് രാമുണ്ണി നായർ തൂലികാനാമമായി സ്വീകരിച്ചത്. സമകാലിക ലോകത്തിന്റെ ചലനങ്ങളെ രസകരമായി അവതരിപ്പിച്ചാണ് സഞ്ജയൻ വായനക്കാരെ ചിരിപ്പിച്ചിരുന്നത്.
കലാകാരൻ സ്വയം കരയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നവനാകണം എന്ന വിദൂഷക ധർമ്മമായിരുന്നു സഞ്ജയൻ്റെ ആപ്തവാക്യം.
ദുരന്തങ്ങളുടെ പെരുമഴ തന്നെയായിരുന്നു ആ ജീവിതം നിറയെ. സഞ്ജയന് 27 വയസ്സുള്ളപ്പോൾ ക്ഷയരോഗം കാരണം അദ്ദേഹത്തിൻ്റെ ഭാര്യ മരണപ്പെട്ടു. പിന്നീട് ഏക മകനും മരിച്ചു. സഞ്ജയനും ക്ഷയരോഗബാധിതനായി. വ്യക്തിപരമായ ഈ സങ്കടങ്ങൾക്കിയിലും സഞ്ജയൻ മലയാളികളെ തൻ്റെ എഴുത്തുകളിലൂടെ ചിരിപ്പിച്ചുകൊണ്ടിരുന്നു. ജീവിത ദുരിതങ്ങൾക്കിടയിലും സഞ്ജയന് എങ്ങനെ ചിരിപ്പിക്കാൻ കഴിഞ്ഞു എന്ന് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. കരച്ചിലും ചിരിയുമുള്ള ലോകത്ത് ഭേദം ചിരി തന്നെയാണെന്ന് സഞ്ജയൻ പലപ്പോഴും എഴുതി.
1936ലാണ് അദ്ദേഹം പ്രശസ്‌തമായ 'സഞ്ജയൻ' എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിച്ചത്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം(രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിൻ്റെ സഞ്ജയോപാഖ്യാനമെന്ന കവിതയും ശ്രദ്ധേയമാണ്. 1943 സെപ്റ്റംബർ 13ന് ആ ഹാസ്യ ചക്രവർത്തി അന്തരിച്ചു.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)