ഒരു ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് അഗതാ ക്രിസ്റ്റി (15 സെപ്റ്റംബർ 1890 – 12 ജനുവരി 1976). 1890-ൽ ബ്രിട്ടനിൽ ജനിച്ചു. 1921 ലാണ് ആദ്യനോവൽ പുറത്തിറങ്ങിയത്. ഹെർകൂൾ പൊയ്റോട്ട് എന്ന പ്രശസ്ത ബെൽജിയൻ കുറ്റാന്വേഷകനിലൂടെ വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഗത 78 നോവലുകളാണ് രചിച്ചിട്ടുള്ളത്. അഗതയുടെ വിദ്യാഭ്യാസം മുഴുവൻ വീട്ടിൽ തന്നെയായിരുന്നു.
100ല്‍ അധികം ഭാഷകളിലേക്കാണ് അഗതാ ക്രിസ്റ്റിയുടെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകാരിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അഗതാ ക്രിസ്റ്റിയുടെ കൃതികള്‍ ഇരൂന്നൂറ് കോടിയിലധികം കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച മിസ്റ്ററി ത്രില്ലറായി അറിയപ്പെടുന്ന "ഒടുവില്‍ ആരും അവശേഷിച്ചിട്ടില്ല" എന്ന നോവല്‍ ഒരു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.
70 ഓളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും അഗതാ ക്രിസ്റ്റി എഴുതി. പതിനാല് നാടകങ്ങള്‍ രചിച്ചതില്‍ ദി മൗസ് ട്രാപ്പ് എന്ന നാടകം ലണ്ടനില്‍ മുപ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി വേദിയില്‍ അവതരിപ്പിച്ചു. മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാനാമത്തില്‍ ആറ് റൊമാന്റിക് നോവലുകളും അവര്‍ എഴുതി. അഗതാ ക്രിസ്റ്റി മല്ലോവന്‍ എന്ന പേരില്‍ മറ്റ് നാല് കൃതികള്‍കൂടി ഇവരുടേതായിട്ടുണ്ട്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)