ബിസിനസ്സ് നശിച്ചതിന്റെ ഡിപ്രഷനില്‍ അയാള്‍ മദ്യപാനത്തിന് അടിമയായി. മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളുമെല്ലാം അയാളെ ഉപേക്ഷിച്ചു. ഒരിക്കല്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ തിരിഞ്ഞുനോക്കാതായി. ജീവിതം മടുത്തു. ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയുമായി അയാള്‍ ആ നദിക്കരയില്‍ ഇരുന്നു കരഞ്ഞു. അപ്പോള്‍ അത് വഴി കടന്നുപോയിരുന്ന ഗുരുവും ശിഷ്യന്മാരും ഈ കരച്ചില്‍ കേട്ടു. അവര്‍ അദ്ദേഹത്തെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗുരുവിനോട് അയാള്‍ തന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞു. ഗുരു അദ്ദേഹത്തെ തന്റെ ആശ്രമത്തിലെ കുറച്ച് പേരെ പരിചയപ്പെടുത്തി. ആദ്യത്തെയാള്‍ നല്ല യോദ്ധാവായിരുന്നു. യുദ്ധത്തില്‍ അയാളുടെ രണ്ട് കാലുകളും ഒരു കൈയ്യും നഷ്ടപ്പെട്ടു. ഗുരു ചോദിച്ചു: ഈ യോദ്ധാവിനേക്കാള്‍ ശാരീരികമായി നീ സന്തോഷവാനാണോ അതോ ദുഃഖിതനാണോ.. അയാളുടെ മറുപടി പെട്ടന്നായിരുന്നു. തീര്‍ച്ചയായും ഞാന്‍ ഈ യോദ്ധാവിനേക്കാള്‍ ഒരുപാട് സന്തോഷവാനാണ്. ഗുരു രണ്ടാമത്തെയാളെ പരിചയപ്പെടുത്തി. ഇദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും ഒരു വാഹനാപകടത്തില്‍ നഷ്ടപ്പെട്ടു. ഇനി പറയൂ ഇയാളേക്കാള്‍ താങ്കള്‍ സന്തോഷവാനാണോ അതോ ദുഃഖിതനാണോ.. ഉത്തരത്തിനായി അയാള്‍ക്ക് ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല. അയാള്‍ പറഞ്ഞു: എന്റെ നല്ലതല്ലാത്ത പ്രവൃത്തികള്‍കൊണ്ടാണ് എന്റെ മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളും എന്നെ വിട്ട് പോയത്. ഞാന്‍ സ്നേഹത്തോടെ പെരുമാറിയാല്‍ ഇനിയും അവരെല്ലാം എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരും.. ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനാണ്. ഗുരു മൂന്നാമനെ പരിചയപ്പെടുത്തി. ഇദ്ദേഹം വലിയൊരു വ്യാപാരിയായിരുന്നു. തന്റെ അത്യാഗ്രഹവും പിടിപ്പുകേടും കാരണം വ്യാപാരമെല്ലാം നഷ്ടത്തിലായി. പിന്നീട് തെരുവില്‍ യാചകനായി. ഇപ്പോള്‍ പ്രായമായി. പക്ഷേ, തെറ്റുകള്‍ തിരുത്തി മുന്നോട്ടപോകാനുള്ള ആരോഗ്യം അദ്ദേഹത്തിനില്ലാതായി. ഗുരു ചോദിക്കുന്നതിന് മുമ്പ് തന്നെ അയാള്‍ മറുപടി പറഞ്ഞു: ഗുരോ, ഞാന്‍ ഇപ്പോഴും ഭാഗ്യവാന്‍ തന്നെയാണ്. എന്നെതന്നെ തിരുത്താനും മുന്നോട്ട് പോകാനും ബിസിനസ്സില്‍ വിജയിക്കാനും എനിക്ക് ഇനിയും സമയമുണ്ട്. ഒരു പുഞ്ചിരിയോടെ ഗുരു പറഞ്ഞു: പകലിന് ശേഷം രാത്രി വരുന്നതുപോലെ രാത്രിക്ക് ശേഷം ഒരു പകലും കടന്നുവരും.. മാറ്റം ഈ ലോകത്തിന്റെ ശാശ്വത സത്യമാണ്. സ്വയം വിചിന്തനം ചെയ്യുക.. പ്രവര്‍ത്തനങ്ങളില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്താന്‍ മനസ്സിനെ പാകപ്പെടുത്തുക. ഗുരു പറഞ്ഞു നിര്‍ത്തി. അതെ, നല്ലത് വരും ... മോശം വരും.. അഭിനന്ദനങ്ങള്‍ വരും.. വിമര്‍ശനങ്ങള്‍ വരും.. എല്ലാം സ്വീകരിക്കുക.. തിരുത്തേണ്ടിടത്ത് തിരുത്തലുകള്‍ വരുത്തുക.. മുന്നോട്ട് തന്നെ പോവുക... പുതിയവര്‍ഷം .... പുതിയ ആരംഭം -