അവന്‍ അച്ഛനോട് ചോദിച്ചു: തിന്മ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നല്ലേ അച്ഛന്‍ പറഞ്ഞത്. പക്ഷേ, അവരെല്ലാവരും ജീവിതം ആഘോഷമാക്കുന്നത് കണ്ടില്ലേ.. അപ്പോള്‍ അഛ്ഛന്‍ പറഞ്ഞു: പശുവിന് തീറ്റകൊടുത്താല്‍ അപ്പോള്‍ തന്നെ പാല്‍ ലഭിക്കുമോ ? നമ്മള്‍ വിതക്കുന്ന വിത്ത് അപ്പോള്‍ തന്നെ വിളവാകുമോ? ഇല്ലെന്ന് മകന്‍ തലയാട്ടി. അച്ഛന്‍ തുടര്‍ന്നു: അതുപോലെ കുറ്റം ചെയ്യുന്നവര്‍ അപ്പോള്‍ തന്നെ ശിക്ഷിക്കപ്പെടുമെന്ന് നിര്‍ബന്ധമില്ല. കാലം തീരുമാനിക്കുന്ന സമയത്തേ, നന്മകള്‍ക്കായാലും തിന്മകള്‍ക്കായാലും പ്രതിഫലം ലഭിക്കൂ.. കര്‍മ്മഫലങ്ങള്‍ക്ക് നാം കാത്തിരുന്നേ മതിയാകൂ.. അത് നല്ലത് ചെയ്താലും ചീത്ത ചെയ്താലും. നാം വിതറുന്നത് സുകൃതങ്ങളും സത്കര്‍മ്മങ്ങളുമാണെങ്കില്‍ വളരുന്നതും വ്യാപിക്കുന്നതും നന്മയായിരിക്കും.. മറിച്ച് നാം നടുന്നത് കൊള്ളരുതാത്തതും വിനാശകരവുമാണെങ്കില്‍ അത് കായ്ക്കുന്നതും പരക്കുന്നതും നികൃഷ്ടമായതായിരിക്കും.. എന്തായാലും അനുയോജ്യമായ സമയത്ത് പ്രവൃത്തികള്‍ക്കെല്ലാം പ്രതിപ്രവര്‍ത്തനം സംഭവിക്കും. തിരിച്ചുകിട്ടുമെന്ന് കരുതി ചെയ്യുന്ന നന്മയും ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതി ചെയ്യുന്ന തിന്മയും ഒരു പോലെ അശുദ്ധമാണ്. ദൃശ്യമായ കര്‍മ്മം മാത്രമല്ല, അദൃശ്യമായ ലക്ഷ്യവും ഇവിടെ പ്രസക്തമാണ്. നാം തൊടുത്തുവിടുന്നതെല്ലാം അതേ വീര്യത്തില്‍ തിരിച്ചുവരുമെന്ന സാമാന്യബോധം ഉണ്ടെങ്കില്‍ നശീകരണശേഷിയുള്ള കര്‍മ്മങ്ങള്‍ക്ക് ആരും മുതിരുകയേയില്ല. അവനവനും അന്യനും ഉപകരിക്കുന്ന കര്‍മ്മങ്ങള്‍ തുടരുക... അതിന്റെ നന്മ തനിയേ നമ്മിലേക്ക് എത്തിക്കൊള്ളം - ശുഭദിനം.