ആ വഴി വളരെ തിരക്കേറിയതായിരുന്നു. അതുകൊണ്ട് തന്നെ ധാരാളം അപകടങ്ങളും ഉണ്ടാകാറുണ്ട്. ആ പ്രദേശത്തുളള പോലീസുദ്യോഗസ്ഥന്‍ അമിതവേഗമുളള വാഹനങ്ങളെ കണ്ടെത്തി പിഴയിടാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത ഒരു വളവില്‍ സ്ഥാനംപിടിച്ചു. ആദ്യ രണ്ടുദിവസം ധാരാളം പിഴ ചുമത്താന്‍ സാധിച്ചുവെങ്കിലും മൂന്നാം ദിവസം മുതല്‍ ആളുകള്‍ വേഗം നിയന്ത്രിച്ചുതുടങ്ങി. പിന്നെ പിന്നെ ആരെയും പിഴയിടാന്‍ കിട്ടാതെയായി. കാര്യമന്വേഷിച്ച് അദ്ദേഹം മൂന്നോട്ട് പോയപ്പോള്‍ ഒരാള്‍ ഒരു ബോര്‍ഡുമായി നില്‍ക്കുന്നു. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. മുന്നില്‍ റഡാര്‍ നിരീക്ഷണമുണ്ട് വേഗം കുറയ്ക്കൂ.. വീണ്ടും തന്റെ നിരീക്ഷണ സ്ഥലത്തിന് മുന്‍പില്‍ വേറൊരാള്‍ ബക്കറ്റുമായി നില്‍ക്കുന്നു. അതിനുമുകളില്‍ ഇങ്ങനെ എഴുതിയിരുന്നു. ഇഷ്ടമുളള ടിപ്പ് ഇടുക. ഓഫീസര്‍ നോക്കിയപ്പോള്‍ ആ ബക്കറ്റില്‍ ധാരാളം പണവും ഉണ്ടായിരുന്നു.. സാമര്‍ത്ഥ്യം ആരുടേയും കുത്തകയല്ല. മുന്‍പരിചയവും അനുഭവവുമുള്ളവര്‍ മാത്രമല്ല സമര്‍ത്ഥര്‍. പ്രായം കൂടുതല്‍ ഉള്ളതുകൊണ്ടും തൊഴിലില്‍ തങ്ങള്‍ക്കാണ് അനുഭവപരിചയം എന്നതുകൊണ്ടും കൂടുതല്‍ മഹിമ തങ്ങള്‍ക്കാണെന്ന ഗര്‍വു പ്രകടിപ്പിക്കുന്നവര്‍ മതിലിനു പുറത്തെ ലോകത്തെകുറിച്ച് അജ്ഞരായിരിക്കും. എന്നാല്‍ അപ്രതീക്ഷിതമായി എത്തുന്ന ചിലര്‍ നമുക്ക് മുന്നില്‍ അത്ഭുതങ്ങള്‍ കാണിക്കും. പിന്നാലെ പോകുന്നവരെല്ലാം മുന്‍പേ പോകുന്നവരേക്കാള്‍ താണവരോ ഗുണമേന്മ കുറഞ്ഞവരോ അല്ല. സാഹചര്യംകൊണ്ടോ പരിചയ കുറവുകൊണ്ടോ പിന്നിലായതായിരിക്കാം. മുന്നിലാണെന്ന ചിന്ത നല്ലതുതന്നെയാണ് പക്ഷേ, മികച്ചവര്‍ പിന്നിലുണ്ടെന്ന് നമുക്ക് മറന്നുപോകാതെയുമിരിക്കാം - ശുഭദിനം.