ഇന്ന് യുദ്ധത്തിൽ അനാഥരാക്കപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള ദിനം

GJBSNMGL
0
യുദ്ധത്തിൽ അനാഥരാക്കപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള ദിനമാണ് (World Day of War Orphans) ജനുവരി 6.. ആഗോള ദുരന്തങ്ങൾ (Global Disaster) ഏറ്റവും കൂടുതൽ ബാധിക്കുക അനാഥരായ കുട്ടികളെയാണ്. അത്തരം സാഹചര്യങ്ങളിൽ അവർക്ക് വേണ്ട പരിചരണം നൽകുക എന്നത് ഒരു കടമയാണെന്നും അനാഥരായ കുട്ടികളുടെ കാര്യത്തിൽ സമൂഹം കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു.
യുദ്ധത്തിന്റെയോ മറ്റേതെങ്കിലും സംഘർഷങ്ങളുടെയോ ഫലമായി അനാഥരാക്കപ്പെടുന്ന കുട്ടികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും അവർക്കുവേണ്ടി നിലകൊള്ളാനും ഈ ദിനാചരണം ആഹ്വാനം ചെയ്യുന്നു.
ഈ കുട്ടികൾക്ക് നേരിടേണ്ടി വരുന്നത് എണ്ണിയാൽ തീരാത്ത പ്രശ്നങ്ങളാണ്. പട്ടിണി, മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടപ്പെട്ടതിന്റെ പ്രശ്നങ്ങൾ, മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയായ്ക, മതിയായ പരിചരണത്തിന്റെ അഭാവം, വിദ്യാഭ്യാസത്തിന്റെ കുറവ് മുതലായവ അതിൽ ഉൾപ്പെടുന്നു. കൂടാതെ ഇവർ നിരന്തരം സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ വിവേചനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. വെടിവെയ്പിൽ പരിക്കേൽക്കുകയോ കുടുംബങ്ങളിൽ നിന്ന് വേർപിരിയുകയോ ചെയ്യപ്പെട്ട കുട്ടികൾക്ക് മുറിവുകൾ ഉണങ്ങുന്നതിനും സാധാരണ നിലയിൽ ജീവിതം പുനരാരംഭിക്കുന്നതിനും പ്രത്യേക പരിചരണം ആവശ്യമാണ്.
എസ്ഒഎസ് എൻഫാന്റ്സ് എൻ ഡെട്രെസ്സ് എന്ന ഫ്രഞ്ച് സ്ഥാപനമാണ് (SOS Enfants en Detresses ) യുദ്ധങ്ങളിൽ അനാഥരാക്കപ്പെട്ടവർക്ക് വേണ്ടിയുള്ള ആഗോള ദിനാചരണത്തിന് തുടക്കം കുറിച്ചത്.

യുനിസെഫിന്റെ (UNICEF) കണക്കുകൾ പ്രകാരം സമ്പന്ന രാജ്യങ്ങളിൽ അനാഥരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ യുദ്ധങ്ങളും പകർച്ചവ്യാധികളും ബാധിച്ച പ്രദേശങ്ങളിൽ അവരുടെ എണ്ണം വളരെ കൂടുതലുമാണ്. മറ്റൊരു കണക്കനുസരിച്ച്, പോളണ്ടിൽ 300,000 ത്തിലധികം പേരും യൂഗോസ്ലാവിയയിൽ മാത്രം 200,000 പേരും ഉൾപ്പെടെ രണ്ടാം ലോകമഹായുദ്ധത്തിൽ യൂറോപ്പിൽ ദശലക്ഷക്കണക്കിന് പേരാണ് അനാഥരായി മാറിയത്. യുദ്ധത്തിൽ അനാഥരാക്കപ്പെട്ടവരെ ഓർമിക്കുക, സംഘർഷ ബാധിത പ്രദേശങ്ങളിലെ യുവജനതയ്ക്ക് പിന്തുണ നൽകാനുള്ള കടമയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Post a Comment

0Comments
Post a Comment (0)