സന്യാസിയോട് അയാള്‍ ചോദിച്ചു: ജീവിതത്തില്‍ വിജയിക്കാനായി എന്താണ് ചെയ്യേണ്ടത്? സന്യാസി അയാളെ ഒരു നദിക്കരയിലേക്ക് കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു: വിജയിക്കാനുള്ള മന്ത്രം ഈ നദിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. നദിയിലിറങ്ങിയാല്‍ നിങ്ങള്‍ക്കത് മനസ്സിലാക്കാം.. സന്യാസിയുടെ വാക്കുകള്‍ കേട്ട് അയാള്‍ നദിയിലേക്ക് ഇറങ്ങി. കഴുത്തറ്റം വെള്ളത്തിലായിട്ടും മന്ത്രം അയാള്‍ക്ക് കിട്ടിയില്ല. അയാള്‍ സന്യാസിയോട് ചോദിച്ചു: ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്. സന്യാസി വെള്ളത്തിലേക്കിറങ്ങി. അയാളുടെ തല വെള്ളത്തിലേക്ക് മുക്കിപ്പിടി്ച്ചു. കുറച്ച് നേരം എന്താണ് സംഭവിക്കുന്നതെന്ന് അയാള്‍ക്ക് മനസ്സിലായില്ല. ശ്വാസം മുട്ടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കുതറാന്‍ തുടങ്ങി. സന്യാസി കൂടുതല്‍ ശക്തിയില്‍ അയാളെ വെള്ളത്തിന് താഴേക്ക് തന്നെ പിടിച്ചു. അവസാനം അയാളുടെ സകല ശക്തിയുമെടുത്ത് സന്യാസിയെ തട്ടിമാറ്റി വെള്ളത്തിന് മുകളിലേക്കയാള്‍ വന്നു. എന്നിട്ട് സന്യാസിയോട് ദേഷ്യപ്പെടാന്‍ തുടങ്ങി. താങ്കള്‍ എന്നെ കൊല്ലുവാന്‍ ശ്രമിക്കുകയാണോ? ഇത് കേട്ട് ശാന്തനായി സന്യാസി മറുപടി പറഞ്ഞു: നിങ്ങളെ ഞാന്‍ ആദ്യം വെള്ളത്തിലേക്ക് മുക്കിയപ്പോള്‍ രക്ഷപ്പെടാനായി വളരെ കുറച്ചുമാത്രമേ നിങ്ങള്‍ ശ്രമിച്ചുളളൂ.. എന്നാല്‍ നിങ്ങള്‍ മുങ്ങി മരിക്കുമെന്നായപ്പോള്‍ സകല ശക്തിയുമെടുത്ത് പോരാടി നിങ്ങള്‍ മുകളിലേക്ക് വന്നു. ഇത് തന്നെയാണ് ജീവിതത്തിന്റെ വിജയത്തിന്റെ രഹസ്യവും. വിജയത്തിനായി നമ്മുടെ പൂര്‍ണ്ണശക്തിയുമെടുത്ത് പോരാടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വിജയം നമുക്കരികിലേക്ക് എത്തിച്ചേരുകയുള്ളൂ.. പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുക - ശുഭദിനം.