ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണു് പള്ളിയറ ശ്രീധരൻ. ഇദ്ദേഹത്തിന്റെ മിക്കവാറും ഗ്രന്ഥങ്ങൾ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗണിതസംബന്ധിയായ നൂറ്റിയമ്പതിലധികം പുസ്തകങ്ങളുടെ കർത്താവാണു് അദ്ദേഹം. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്. പാഠപുസ്തകങ്ങൾ ഉൾപ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻറ് ട്രെയിനിങ് -NCERT-ക്ക് വേണ്ടിയും ഗ്രന്ഥരചനയിൽ സഹകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്കിന്റെ ഡയറക്ടർ ആയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 2016 ആഗസ്റ്റ് 22മുതൽ പ്രവർത്തിക്കുന്നു. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.