നാളെ എല്ലാവര്‍ക്കും ആപ്പിള്‍ ലഭിക്കുന്നതാണെന്ന ഒരു വിളംബരം സ്വര്‍ഗ്ഗത്തില്‍ നിന്നും ഉണ്ടായി. ധാരാളം പേര്‍ ആപ്പിള്‍ വാങ്ങാനെത്തി. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയും. അവള്‍ ആപ്പിള്‍ വാങ്ങി തിരിച്ചുനടക്കുമ്പോള്‍ കയ്യില്‍ നിന്ന് ആപ്പിള്‍വീണ് ഒരു കുഴിയിലേക്ക് ഉരുണ്ടുപോയി. ആകെ സങ്കടപ്പെട്ട അവള്‍ വീണ്ടും ആപ്പിള്‍ വാങ്ങാന്‍ തീരുമാനിച്ചു. പക്ഷേ, നീണ്ട വരിയാണ്. മാത്രമല്ല, ദൈവത്തിന്റെ അരികിലുളള കുട്ടയിലെ ആപ്പിള്‍ ചിലപ്പോള്‍ തീരാനും സാധ്യതയുണ്ട്. എങ്കിലും അവള്‍ ആ വരിയില്‍ ഏറ്റവും പിന്നിലായി നിന്നു. നീണ്ട നേരത്തിന് ശേഷം ദൈവത്തിനടുത്തേക്ക് അവള്‍ എത്തി. അപ്പോള്‍ പഴയ കുട്ടയിലെ ആപ്പിള്‍ തീര്‍ന്ന് ദൈവം പുതിയ കുട്ടയില്‍ നിന്ന് നല്ലൊരു ആപ്പിള്‍ അവള്‍ക്ക് നല്‍കി. ദൈവം പറഞ്ഞു: ഞാന്‍ നിനക്ക് നേരത്തെ തന്ന ആപ്പിളിന്റെ ഒരു ഭാഗം ചീത്തയായിരുന്നു. അതാണ് ഞാന്‍ അത് തട്ടിക്കളഞ്ഞത്. പുതിയ ആപ്പിള്‍ വരാനുണ്ടായിരുന്നു. അതാണ് നിന്നെ ഞാന്‍ വലിയ ക്യൂവില്‍ നിര്‍ത്തിയത്. പലതിന്റെയും മുന്‍പും പിന്‍പും അറിയാതെയുള്ള ഹ്രസ്വദൂര പദ്ധതികളാണ് പലരും ആവിഷ്‌കരിക്കുന്നത്. നമ്മളുടെ പദ്ധതികള്‍ക്കും ആസൂത്രണങ്ങള്‍ക്കും ചിലപ്പോള്‍ പോരായ്മകളുണ്ടാകാം. അറിവിന്റെയും അനുഭവത്തിന്റെയും കാഴ്ചയുടേയും കേള്‍വിയുടേയുമെല്ലാം പരിമിതികള്‍ക്കുളളില്‍നിന്നാണ് നമ്മള്‍ ഓരോരുത്തരും പലതും ആസൂത്രണം ചെയ്യുന്നത്. തന്നിഷ്ടപ്രകാരം നടന്നാല്‍ താനാഗ്രഹിച്ചതു ലഭിക്കും. എന്നാല്‍ ഈശ്വരനിശ്ചയപ്രകാരം നടന്നാല്‍ താനര്‍ഹിക്കുന്നത് ലഭിക്കും. ദൈവം തരുന്ന ആപ്പിളിനായി നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം - ശുഭദിനം.