
അയാള്‍ ഒരു എന്‍ജിനീയറായിരുന്നു. വലിയൊരു പാലം പണിയുക എന്നത് അയാളുടെ സ്വപ്നവുമായിരുന്നു. അങ്ങനെയിരിക്കെ ന്യൂയോര്‍ക്കിലെ ഈസ്റ്റ നദിക്ക് കുറുകെ ഒരു പാലം പണിയുക എന്ന ജോലി അയാളെ തേടിയെത്തി. അയാള്‍ തന്റെ സഹഎന്‍ജിനീയര്‍മാരോട് പാലത്തെക്കുറിച്ചുള്ള തന്റെ ഐഡിയ പറഞ്ഞു. അദ്ദേഹത്തിന്റെ മകനും ഒരു എന്‍ജിനീയറായിരുന്നു. ഇത് കേട്ട എന്‍ജിനീയര്‍മാരെല്ലാം ഈ ആശയം നിരസിച്ചു. ഇത് നടക്കാത്തകാര്യമാണ്. ഇതിന് വേണ്ടി സമയം കളയേണ്ടതില്ല. അവര്‍ ഉപദേശിച്ചു. പക്ഷേ, അയാള്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. അവസാനം അയാളുടെ മകന്‍ അദ്ദേഹത്തോടൊപ്പം നിന്നു. പണി നടക്കുന്നതിനിടെ പാലത്തിനുടുത്തുള്ള ഒരു കമ്പിയില്‍ അയാളുടെ കാല്‍ വിരലുകള്‍ മുറിയുകയും രണ്ട് വിരലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ശരീരമാസകലം അണുബാധയുണ്ടായി അയാള്‍ മരിക്കുകയും ചെയ്തു. അയാളുടെ ജോലി മകന്‍ ഏറ്റെടുത്തു. പക്ഷേ, വിശ്രമമില്ലാത്ത ജോലി മകന് സമ്മാനിച്ചത് സ്‌ട്രോക്ക് ആയിരുന്നു. ശരീരത്തില്‍ ആകെ ഒരു വിരല്‍ മാത്രമാണ് അനക്കാന്‍ ആകുമായിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട പാലത്തിന്റെ ജോലി പാതി വഴിയില്‍ മുടങ്ങി. മാത്രമല്ല, ആ പാലം പൊളിച്ചുനീക്കുന്നു എന്ന വാര്‍ത്തയും മകനെ തേടിയെത്തി. തളര്‍ന്ന ശരീരത്തിനുളളിലെ മനസ്സ് തളരാതെ അയാള്‍ നോക്കി. ആകെ അനങ്ങിയിരുന്ന വിരലുകൊണ്ട് തന്റെ ഭാര്യയോട് അയാള്‍ സംവദിച്ചു. അവര്‍ക്കിടയില്‍ ഒരു ഭാഷ തന്നെ രൂപപ്പെട്ടു. ഭര്‍ത്താവ് പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഭാര്യ എന്‍ജിനിയേഴ്‌സിനേയും ജോലിക്കാരേയും അറിയിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നീണ്ട 11 വര്‍ഷത്തെ കഠിന പ്രയത്‌നം കൊണ്ട് 5989 അടി ഉയരമുളള ബ്രൂക്കിലിന്‍ബ്രിഡ്ജ് കിഴക്കന്‍ നദിയുടെ മുകളില്‍ തലയെടുപ്പോടെ ഉയര്‍ന്നു. ഒരിക്കലും സാധ്യമാകില്ല എന്ന പാലമാണ് അവരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തലകുനിച്ചത്. പ്രശ്‌നങ്ങളുടെ ശക്തിയേക്കാള്‍ മനസ്സിന്റെ ശക്തിയില്ലായ്മയാണ് പലപ്പോഴും തടസ്സങ്ങളുടെ മുന്നില്‍ തലകുനിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നമുക്ക് സ്വപ്നം കാണാന്‍ കഴിയുമെങ്കില്‍ അത് നടപ്പിലാക്കാനും സാധിക്കും എന്ന നിശ്ചയദാഢ്യം നമ്മെ വിജയത്തിലെത്തിക്കുക തന്നെ ചെയ്യും - ശുഭദിനം.