
ആ കുട്ടികളെല്ലാവരും ചേര്‍ന്ന് കടല്‍തീരത്ത് ഓരോ വീടുകളുണ്ടാക്കാന്‍ ആരംഭിച്ചു. വീടുകള്‍ ഏകദേശം പൂര്‍ത്തിയാകാറായപ്പോഴാണ് ഒരു കുട്ടിയുടെ കൈ തട്ടി മറ്റൊരു കുട്ടിയുടെ വീട് തകര്‍ന്നത്. വീട് തകര്‍ന്ന കുട്ടിയും മററുള്ളവരും ചേര്‍ന്ന് വീട് തകര്‍ത്തകുട്ടിയെ ഉപദ്രവിക്കാനാരംഭിച്ചു. ഈ സമയത്താണ് വലിയൊരു തിരമാല വന്ന് എല്ലാ വീടുകളും തകര്‍ത്തുകളഞ്ഞത്. അതോടെ കളിയും പിണക്കവും മറന്ന് എല്ലാവരും തിരികെ നടന്നു. ഒരാള്‍ക്ക് വന്ന ദുരന്തം അതേ അളവിലോ അതില്‍ കൂടുതലോ ആയി മറ്റുളളവര്‍ക്കും സംഭവിച്ചാല്‍ എല്ലാവരുടേയും ദുഃഖം അതോടെ ലഘൂകരിക്കപ്പെടുന്നത് കാണാം. മനുഷ്യന്‍ പലപ്പോഴും അങ്ങിനെയാണ്, പങ്കുവെയ്ക്കാന്‍ ആളുണ്ടായല്ലോ എന്ന ചിന്തയേക്കാള്‍ തനിക്ക് വന്ന ആപത്ത് മറ്റുളളവര്‍ക്കും വന്നല്ലോ എന്ന ചിന്തയാണ് പലര്‍ക്കും ആശ്വാസം നല്‍കുന്നത്. ഒരു കാര്യം നമുക്കെന്നുമോര്‍ക്കാം, എല്ലാ ജീവിതങ്ങളും മണ്‍വീടുകള്‍ പോലെയാണ്. ഒന്നിനും ഗാരന്റിയില്ല. അവ ചിലപ്പോള്‍ ഒഴുകിപ്പോയേക്കാം, ചിലപ്പോള്‍ വിണ്ടുകീറി ഇല്ലാതായേക്കാം. അതുകൊണ്ട് അന്യന് വരുന്ന ആപത്തുകളില്‍ അവരെ ചേര്‍ത്തുപിടിക്കാം.. അവരോടൊപ്പം മനസ്സ് പങ്കിടാം.. കാരണം നമ്മുടേയും മണ്‍വീടുതന്നെയാണ് - ശുഭദിനം.
കവിത കണ്ണന്‍