
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആദ്യ മലയാള സാഹിത്യകാരനാണ് ആർ. നാരായണപണിക്കർ (25 ജനുവരി 1889 - 29 ഒക്ടോബർ 1959). ഏഴ് ഭാഗങ്ങളുള്ള കേരള ഭാഷാ സാഹിത്യ ചരിത്രത്തിനായിരുന്നു ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. നോവൽ, ചരിത്രം, വ്യാഖ്യാനം എന്നീ വിഭാഗങ്ങളിലായി എൺപതോളം കൃതികൾ രചിച്ചിട്ടുണ്ട്.
ചരിത്രം, ജീവചരിത്രം, നോവൽ, നിഘണ്ടു, വിവർത്തനം, വ്യാഖ്യാനം, പരീക്ഷാസഹായികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി എൺപതു കൃതികൾ രചിച്ചു. മൗലികമായ നോവൽ സൃഷ്ടികൾക്കു പുറമേ ബംഗാളി, മറാഠി, ഹിന്ദി എന്നീ ഭാഷകളിൽനിന്ന് ഇരുപതോളം കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. നിരവധി ആട്ടക്കഥകൾക്കും കിളിപ്പാട്ടുകൾക്കും തുള്ളലുകൾക്കും വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്.