തോമസ് ആൽ‌വാ എഡിസന്റെ ജന്മദിനം

GJBSNMGL
1 minute read
0
മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹം കണ്ടുപിടിത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്.
മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനമാണ് എഡിസണ് ഉള്ളത്. 1,093 അമേരിക്കൻ പേറ്റന്റുകളും, കൂടാതെ യുണൈറ്റൈഡ് കിങ്ഡത്തിലേയും , ഫ്രാൻസിലെയും, ജർമനിയിലേയും പേറ്റന്റുകൾ എഡിസന്റെ പേരിലുള്ളതാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്.' ബഹുജന ആശയവിനിമയത്തിനുതകുന്ന ധാരാളം കണ്ടുപിടിത്തങ്ങളും അദ്ദേഹം നടത്തി. ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ, റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവയും എഡിസണിന്റെ കണ്ടുപിടിത്തങ്ങളിൽ പെടുന്നു.
ആദ്യകാലത്ത് ഒരു ടെലിഗ്രാഫ് ഓപറേറ്ററായിരുന്നത്, ഈ മേഖലയിൽ ധാരാ‌ളം കണ്ടുപിടിത്തങ്ങൾ നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും എഡിസണിന്റെ കണ്ടുപിടിത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)