
ആ പുരോഹിതന് ഒരു പൂച്ചയുണ്ട്. വളരെ അച്ചടക്കത്തോടെയും നിഷ്ഠയോടെയുമാണ് ആ പൂച്ചയെ വളര്‍ത്തുന്നതെന്ന് പുരോഹിതന്‍ എപ്പോഴും അവകാശപ്പെടും. ആഴ്ചയിലൊരിക്കല്‍ തന്റെ വീട്ടില്‍ നടക്കുന്ന സമൂഹപ്രാര്‍ത്ഥനയില്‍ പുരോഹിതന്‍ പൂച്ചയെ പങ്കെടുപ്പിക്കും. കത്തിച്ചുവെച്ച ഒരു ദീപം അതിന്റെ തലയില്‍ വെയ്ക്കും. പ്രാര്‍ത്ഥന തീരുന്നത് വരെ പൂച്ച അനങ്ങാതെ നില്‍ക്കും. ആളുകള്‍ അത്ഭുതപ്പെട്ടു. അവര്‍ പുരോഹിതനെയും പൂച്ചയേയും പുകഴ്ത്തി. ഒരുദിവസം പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒരാള്‍ ഒരെലിയെയും കൊണ്ടാണ് വന്നത്. പുരോഹിതന്‍ വിളക്ക് പൂച്ചയുടെ തലയില്‍ തെളിയിച്ചുവെച്ചു, പ്രാര്‍ത്ഥന ആരംഭിച്ചു. ഈ സമയത്ത് അയാള്‍ എലിയെ തുറന്നുവിട്ടു. പൂച്ച ഉടനെ ആ ദീപവും താഴെയിട്ട് എലിയുടെ പിന്നാലെ ഓടി.. അവിടെയാകെ ഇരുട്ടായി.. നിര്‍ബന്ധിത സാഹചര്യങ്ങള്‍കൊണ്ടോ ലഭിക്കാനിടയുളള പ്രശസ്തിപത്രങ്ങളുടെ പേരിലോ ഏറ്റെടുക്കുന്ന ഒരു പ്രവൃത്തിക്കും അധികം ആയുസ്സ് ഉണ്ടാകില്ല. തുടങ്ങുന്ന സമയത്തെ നിശ്ചയദാര്‍ഢ്യവും അധ്വാനശീലവും തുടര്‍പ്രക്രിയകളില്‍ ചോര്‍ന്നുപോകുന്നതാണ് അത്തരം കര്‍മ്മരംഗങ്ങള്‍ നിര്‍ജ്ജീവമാകുന്നതിന് കാരണം. പ്രലോഭനങ്ങള്‍ക്ക് ഒരു തനതുഭാവങ്ങളുണ്ട്. അവയെപ്പോഴും ഇരയുടെ ഇഷ്ടഭാവത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. അവ ഒരിക്കലും അതിക്രമിച്ച് കയറില്ല. അടുത്തുകൂടി നില്‍ക്കുകയേ ഉളളൂ.. കാലിടറിവീഴുന്നത് മനസ്സിലാകാത്തവിധമാണ് ഓരോ പ്രലോഭനങ്ങളും തങ്ങളുടെ ബലിയാടുകളെ സൃഷ്ടിക്കുക. നിയോഗങ്ങളിലേക്കുളള യാത്രകളില്‍ രണ്ടു കാര്യങ്ങള്‍ എപ്പോഴും കൂടെ കൂട്ടാം.. പ്രവര്‍ത്തനസ്ഥിരതയും, പ്രലോഭനങ്ങളെ മറികടന്നുളള പ്രവര്‍ത്തനനിരതയും... നമ്മുടെ ദൗത്യപൂര്‍ത്തീകരണത്തിലേക്കുളള യാത്രയുടെ ആദ്യപടി പ്രലോഭനങ്ങളെ തിരിച്ചറിയുക എന്നതാണ്.. അങ്ങനെ തിരച്ചറിഞ്ഞാല്‍ മനസ്സിനു മുന്നില്‍ ഒരു ബോര്‍ഡ് നമുക്ക് തൂക്കിയിടാം.. കെണിയുണ്ട്.. സൂക്ഷിക്കുക. എന്ന് - ശുഭദിനം.
കവിത കണ്ണന്‍